അഭിമാനമായി ഇന്ത്യക്കാരൻ; ലിഫ്റ്റിൽ നിന്നു ലഭിച്ച 2 കോടി തിരിച്ചു നൽകി; ആദരിച്ച് ദുബായ്

ഇന്ത്യൻ യുവാവ് താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദിനെ ദുബായ് പൊലീസ് അധികൃതർ ആദരിക്കുന്നു.

കെട്ടിടത്തിന്‍റെ ലിഫ്റ്റിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) ഇന്ത്യൻ യുവാവ് പൊലീസിൽ ഏൽപിച്ചു. യുവാവിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആദരിച്ചു. അൽ ബർഷയിൽ താമസിക്കുന്ന താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദിനാണ് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് തുക ലഭിച്ചത്.  

ഉടൻ തന്നെ ഇദ്ദേഹം സ്റ്റേഷനിലെത്തി തുക കൈമാറിയതായി അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുൽ റഹീം ബിൻ ഷാഫി പറഞ്ഞു. താരിഖിന്റെ സത്യസന്ധത സമൂഹത്തിന്റെ മഹത്തായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബ്രി. ബിൻ ഷാഫി താരിഖിന് പ്രശംസാപത്രം നൽകി ആദരിച്ചു. സമൂഹവും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.  

ഇതുപോലെ, നഷ്ടപ്പെട്ട പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈമാറുന്ന സത്യസന്ധരായ വ്യക്തികളെ ദുബായ് പൊലീസ് ആദരിക്കാറുണ്ട്. ഈ വർഷം ഇതുപോലെ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഫിലിപ്പീൻസിൽ നിന്നുള്ള അഞ്ചു വയസുകാരൻ നൈജൽ നേർസ് ഖിസൈസിൽ നിന്ന് കണ്ടെത്തിയ 4,000 ദിർഹം അടുത്തിടെ പൊലീസിന് കൈമാറിയിരുന്നു.