ഭിക്ഷാടനം വേണ്ട; വൻ പിഴ: റമസാനിൽ കടുത്ത നടപടിയുമായി യുഎഇ; അറസ്റ്റ്

begger
SHARE

ഭാരം നോക്കുന്ന മെഷീൻ അനധികൃതമായി ഉപയോഗിച്ച് ഭിക്ഷ യാചിക്കുന്നയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ദിർഹത്തിനാണ് ഇയാൾ ഭാരം നോക്കാനുള്ള ഉപകരണം പ്രവർത്തിപ്പിച്ചിരുന്നത്. ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ് എന്ന പ്രചാരണ ക്യാംപെയിനിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യാചകനെ പിടികൂടിയത്.

ദുബായിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ സഹകരണത്തോടെ സിഐഡി ആണ് റമസാൻ ആരംഭത്തിൽ ആരംഭിച്ച ക്യാംപെയിന് നേതൃത്വം നൽകുന്നതെന്ന് ആന്റി ഇൻഫിൽട്രേറ്റേഴ്സ് ആക്ടിങ് ഡയറക്ടർ കേണൽ അഹമദ് അൽ അദീദി പറഞ്ഞു. 

ഔദാര്യം മുതലെടുത്ത് ഭിക്ഷാടനം

റമസാനിൽ താമസക്കാരുടെ ഔദാര്യം മുതലെടുക്കാനാണ് ഭിക്ഷാടകർ യുഎഇയിലെത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഭിക്ഷാടനക്കാരെ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാൻ താമസക്കാരോട് അഭ്യർഥിച്ചിട്ടുണ്ട്. www.ecrime.ae സൈറ്റിലും ബന്ധപ്പെടാം. വാർഷിക ക്യാംപെയിനിൽ കഴിഞ്ഞ വർഷം 458 യാചകരെ അറസ്റ്റ് ചെയ്തിരുന്നു. ഭിക്ഷാടനത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള സമൂഹ അവബോധം പ്രോത്സാഹിപ്പിക്കുന്നതാണ് ക്യാംപെയിൻ.  

ഭിക്ഷാടകർ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കും. മോഷണം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ഭിക്ഷാടക സംഘത്തിന് ബന്ധമുണ്ട്. രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ചാരിറ്റി സംഘടനകൾ വഴി സഹായം അർഹരായവർക്ക് ‌എത്തിക്കാം. തങ്ങളുടെ സംഭാവനകൾ ജീവകാരുണ്യ സംഘടനകളിലേക്ക് നൽ‌കാൻ പൊലീസ് അഭ്യർഥിച്ചു.

ഭിക്ഷാടനത്തിനിടെ പിടികൂടിയാൽ 5,000 ദിർഹം പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. സംഘടിത ഭിക്ഷാടനത്തിന് ഏറ്റവും കുറഞ്ഞത് 1.00,000 ദിർഹം പിഴയും കുറഞ്ഞത് ആറു മാസം വരെ തടവുമാണ് യുഎഇയിൽ ശിക്ഷ. ഭിക്ഷാടനത്തിനായി ആളുകളെ കൂട്ടത്തോടെ യുഎഇയിലേയ്ക്ക് കൊണ്ടുവരുന്നവർക്കും ഇതു തന്നെയാണ് ശിക്ഷ.

MORE IN GULF
SHOW MORE