ഇന്ത്യൻ ദമ്പതികളെ ദുബായിൽ കൊലപ്പെടുത്തി; പാക്ക് സ്വദേശിക്ക് വധശിക്ഷ

dubai-murder-case
1. കൊല്ലപ്പെട്ട ഹിരൺ ആധിയയും ഭാര്യ വിധി ആധിയയും. 2. വധശിക്ഷ ലഭിച്ച പ്രതി.
SHARE

ഇന്ത്യൻ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ദുബായ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഗുജറാത്ത് സ്വദേശികളായ  ഹിരൺ ആധിയ (48), ഭാര്യ വിധി ആധിയ (40) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ നിർമാണ തൊഴിലാളിയായ 26 വയസ്സുള്ള പാക്കിസ്ഥാൻ സ്വദേശിക്കാണ് വധശിക്ഷ ലഭിച്ചത്. 2020 ജൂൺ 17 ന് രാത്രി അറേബ്യൻ റാൻചസ് മിറാഡോർ കമ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിപ്പിച്ച കൊലപാതകം. ദമ്പതികളുടെ വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂർ ഒളിച്ചു നിന്നശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേയ്ക്ക് നുഴഞ്ഞുകയറി കൃത്യം നിർവഹിച്ചത്.   

 

വില്ലയിൽ അറ്റകുറ്റപ്പണിക്കെത്തി; സ്വർണവും പണവും നോട്ടമിട്ടു  

2019 ഡിസംബറിൽ വില്ലയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കണ്ട പണവും സ്വർണാഭരണങ്ങളും മോഷ്ടിക്കാൻ പ്രതി നേരത്തെ പദ്ധതിയിട്ടിരുന്നു. സംഭവ ദിവസം രാത്രി വിളക്കുകൾ അണഞ്ഞതിന് ശേഷം വില്ലയിൽ കയറി ആദ്യം താഴത്തെ നിലയിൽ പഴ്സിൽ സൂക്ഷിച്ചിരുന്ന 1,965 ദിർഹം മോഷ്ടിച്ചു. പിന്നീട്  കൂടുതൽ അന്വേഷിച്ച് മുകൾ നിലയിലേയ്ക്ക് ചെന്നു. കട്ടിലിനരികിലുള്ള മേശവലിപ്പ് തുറക്കുന്ന ശബ്ദം കേട്ട് വിധി ഉണർന്നപ്പോൾ അവരെ ഭയപ്പെടുത്താൻ, പ്രതി ആദ്യം ഹിരണിനെയും പിന്നീട് വിധിയെയും കൊലപ്പെടുത്തുകയായിരുന്നു. 

ഫൊറൻസിക് റിപ്പോർട്ടുകൾ പ്രകാരം വിധിയുടെ തലയിലും നെഞ്ചിലും വയറിലും ഇടത് തോളിലും പത്തു തവണ കുത്തേറ്റിരുന്നു. ഹിരണിന്റെ തല, കഴുത്ത്, നെഞ്ച്, മുഖം, ചെവി, വലതു കൈ എന്നിവിടങ്ങളിൽ 14 തവണയും കുത്തേറ്റു. ഇവരുടെ പുതപ്പിലേയ്ക്ക് തുളച്ചുകയറാൻ തക്ക ആഴത്തിലുള്ളതായിരുന്നു ആ കുത്തുകൾ. തുടർന്ന് അക്രമി കിടപ്പുമുറിക്ക് പുറത്തേയ്ക്ക് പാഞ്ഞുകയറിയപ്പോൾ, ആ സമയത്ത് ദമ്പതികളുടെ 18 വയസ്സുള്ള മകളെ കാണുകയും അവരുടെയും കഴുത്തിൽ കുത്തി ഗുരുതര പരുക്കേൽപ്പിക്കുകയും ചെയ്തു. അവിടെ തന്നെയുണ്ടായിരുന്ന ഇളയ സഹോദരിയായ 15കാരി ഭയാനകമായ കുറ്റകൃത്യം നേരിട്ട് കണ്ടിരുന്നു. കുത്തേറ്റ മൂത്ത മകളാണ് പൊലീസിനെയും ഹിരണിന്റെ സുഹൃത്തിനെയും ഫോണിലൂടെ വിവരമറിയിച്ചത്.  

 

ഭിത്തിയിലെ രക്തക്കറ തെളിവായി  

വില്ലയുടെ ഭിത്തിയിൽ നിന്ന് രക്തം പുരണ്ട കൈമുദ്രയും ഹിരണും വിധിയും കിടന്നിടത്ത് പൊലീസ് പ്രതിയുടെ മുഖംമൂടിയും അതില്‍ രക്തക്കറയും കണ്ടെത്തി. ഇത് പ്രതിയുടെ ഡിഎൻഎയുമായി പരിശോധനയിൽ പൊരുത്തപ്പെട്ടതായി കണ്ടെത്തി. വില്ലയിൽ നിന്ന് 500 മീറ്റർ അകലെ നിന്ന് കത്തിയും കണ്ടെടുത്തു. 

സംഭവം കഴി‍ഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഷാർജയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ആസൂത്രിതമായാണ് ദമ്പതികളെ കൊന്നതെന്ന് പ്രതി സമ്മതിച്ചു. മകളെ കൊലപ്പെടുത്താൻ ശ്രമിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളും പ്രതി സമ്മതിച്ചു. കൊലപാതകത്തിന് മൂന്നു ദിവസം മുമ്പ് പാക്കിസ്ഥാനിലുള്ള തന്റെ അമ്മയ്ക്ക് അസുഖം വന്നിരുന്നുവെന്നും പണമില്ലാത്തതിനാൽ താൻ നിരാശനായിരുന്നുവെന്നും മൊഴി നൽകി. 

കോടതിയിൽ മൊഴി മാറ്റി, പക്ഷേ...

2020 നവംബറിൽ പ്രതി കോടതിയിൽ ഹാജരായപ്പോൾ, മൊഴി മാറ്റുകയും എല്ലാ കുറ്റങ്ങളും നിഷേധിക്കുകയും ചെയ്തു. എന്നാൽ, കൊല്ലപ്പെട്ടവരുടെ മകളുടെ മൊഴി നിർണായകമായി. കൊലപാതകം നടന്ന ദിവസം പുലർച്ചെ 1.30 ന്, മാതാപിതാക്കളുടെ കിടപ്പുമുറിയിൽ നിന്ന് സഹായത്തിനായുള്ള നിലവിളി കേട്ട് മുകളിലത്തെ നിലയിലെത്തുകയും അവിടം പരിശോധിക്കാൻ മൊബൈൽ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചതായും മകൾ ഫെബ്രുവരിയിൽ നൽകിയ മൊഴിയിൽ കോടതിയെ അറിയിച്ചിരുന്നു. അപ്പോഴാണ് പ്രതിയെ മുറിയുടെ വാതിൽക്കൽ കണ്ടുമുട്ടിയത്. അപ്പോൾ തന്നെയും കുത്തിയെന്നും തുടർന്ന് ഓടിപ്പോകുന്നതിന് മുൻപ് താനവനെ ചവിട്ടിയെന്നും വിശദീകരിച്ചു. 

പുലർച്ചെ രണ്ടോടെ തന്നെ വിളിച്ചപ്പോൾ പെൺകുട്ടി നിലവിളിക്കുകയായിരുന്നുവെന്ന് ഹിരണിന്റെ സുഹൃത്ത് പറഞ്ഞു. അമ്മ മരിച്ചുവെന്നും അച്ഛൻ ഇപ്പോഴും അനങ്ങിക്കൊണ്ടിരിക്കുകയാണെന്നും തനിക്കും കുത്തേറ്റിട്ടുണ്ടെന്നും പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പറയുകയായിരുന്നു. അവൾ പേടിസ്വപ്നം കണ്ട് പറയുന്നതാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ താനും ഭാര്യയും വില്ലയിൽ എത്തിയപ്പോൾ പൊലീസും ആംബുലൻസും കണ്ടു എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി–സുഹൃത്ത് പറഞ്ഞു. ആസൂത്രിതവും ആസൂത്രിതവുമായ കുറ്റകൃത്യമായതിനാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നു. വിധിക്കെതിരെ 15 ദിവസത്തിനകം അപ്പീൽ നൽകാം.

 

പെൺകുട്ടികൾക്ക് പുതുജീവിതം സമ്മാനിച്ച് ദുബായ്

ഹിരൺ ആധിയ–വിധി ആധിയ ദമ്പതികളുടെ കൗമാരക്കാരായ പെൺകുട്ടികൾക്ക് യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ അനുവദിച്ചിരുന്നു. മക്കൾക്ക് ദുബായിൽ വിദ്യാഭ്യാസം നൽകണമെന്ന ഹിരണിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി അവരുടെ വിദ്യാഭ്യാസവും താമസസൗകര്യവും പൂർണമായി ഏറ്റെടുക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജിഡിആർഎഫ്എ) ദുബായ് പൊലീസും 2020 നവംബറിൽ അറിയിച്ചു.

ഇവരോടൊപ്പം ദുബായിൽ താമസിക്കുന്ന അവരുടെ അമ്മൂമ്മമാർക്കും പെൺകുട്ടികളുടെ സംരക്ഷണത്തിനായി ഗോൾഡൻ വീസ നൽകിയിട്ടുണ്ട്. നികത്താനാവാത്ത നഷ്ടമാണ് അവർക്ക് സംഭവിച്ചത്. ദുബായ് സർക്കാർ അവരോട് കാമിക്കുന്ന ദയക്കും കാരുണ്യത്തിനും വളരെയധികം നന്ദിയുണ്ടെന്ന് ഇവരുടെ ബന്ധു പറഞ്ഞു. സംഭവത്തിന് ശേഷം പെൺകുട്ടികൾ സൈക്യാട്രിക് തെറാപ്പിക്ക് വിധേയരായിരുന്നു. 

MORE IN GULF
SHOW MORE