അനാഥക്കുട്ടികളെ സംരക്ഷിക്കും; ഖലീൽ അഹ്മദിന് വൈകാരികമായ ആദരം

ബഹ്റൈനിൽ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന ഖലീൽ അബു അഹ്മദിനു വ്യത്യസ്തമായ ആദരവൊരുക്കി വാർത്താവിനിമയ മന്ത്രാലയം. ദിയറൽ മുഹറകിലെ ട്രാഫിക് സിഗ്നലിൽ വച്ചാണ് വൈകാരികമായ ആദരവൊരുക്കിയത്. ഖലീൽ അഹ്മദ് സംരക്ഷിച്ച കുട്ടികളടക്കം അണിനിരന്ന പരിപാടി അപ്രതീക്ഷിതമായിരുന്നു.

പുതിയ വാഹനത്തിൻറെ ടെസ്റ്റ് ഡ്രൈവിനായി ഖലീൽ അബു അഹ്മദിനെ ക്ഷണിച്ചുവരുത്തിയാണ് അപ്രതീക്ഷിതമായ ആദരമൊരുക്കിയത്. ഖലീൽ ഓടിച്ചിരുന്ന വാഹനം ദിയറൽ മുഹറകിലെ ട്രാഫിക് സിഗ്നലിൽ എത്തിയതോടെ ചുവപ്പു സിഗ്നൽ തെളിഞ്ഞു. വാഹനം നിർത്തി. ഉടൻ റോഡരുകിൽ സ്ഥാപിച്ചിരുന്ന സ്ക്രീനിൽ ഖലീൽ അബു അഹ്മദിൻറെ പേരു തെളിഞ്ഞു. സ്വന്തം പേരുകണ്ടു അതിശയത്തോടെ നോക്കുന്ന ഖലീലിൻറെ ഓരോ ഭാവങ്ങളും നേരത്തേ സ്ഥാപിച്ചിരുന്ന വിവിധ ക്യാമറകൾ ഒപ്പിയെടുത്തുകൊണ്ടിരുന്നു. അടുത്തുള്ള വാഹനങ്ങളിളും സ്ക്രീനുകളിലുമായി കൂടുതൽ ചിത്രങ്ങളും പേരും തെളിഞ്ഞു. 

തുടർന്നു ഖലീൽ വളർത്തി സംരക്ഷിച്ച അനാഥരായ കുട്ടികൾ സ്ക്രീനിലൂടെ അഭിസംബോധന ചെയ്തു. അപ്പൊഴേക്കും കാറിനുള്ളിൽ വിതുമ്പിത്തുടങ്ങിയിരുന്നു ഖലീൽ. കാറിനു പുറത്തേക്കിറങ്ങിയ ഖലീലിനെ വാർത്താവിനിമയ മന്ത്രാലയം ഉദ്യോഗസ്ഥരടക്കമുള്ളവർ ചേർന്നു സ്വീകരിച്ചു.ഖലീലിനു ആദരവർപ്പിക്കുന്ന പരിപാടിയുടെ വിവരങ്ങൾ ബഹ്റൈൻ റേഡിയോ തത്സമയം അവതരിപ്പിച്ചു. ബഹ്റൈൻ ടിവിയുടെ കഫുവ് എന്ന റമസാൻ പരിപാടിയുടെ ഭാഗമായിട്ടാണ് അനാഥരുടെ പിതാവെന്നറിയപ്പെടുന്ന ഖലീലിനു ഇത്തരമൊരു ആദരമൊരുക്കിയത്.