ഗതാഗത നിയമലംഘനങ്ങൾക്ക് കടുപ്പമേറുന്നു; അബുദാബിയിൽ റെഡ് സിഗ്നൽ മറികടന്നാൽ 10 ലക്ഷം

അബുദാബിയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ചു. റെഡ് സിഗ്നൽ മറികടന്നാൽ 10 ലക്ഷം രൂപയോളമാണ് പിഴശിക്ഷ. 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിലിരുത്തിയാൽ വാഹനം പിടിച്ചെടുത്തേക്കാമെന്നും നിയമം മുന്നറിയിപ്പുനൽകുന്നു. അബുദാബിയിൽ റോഡിലെ റെഡ് സിഗ്നൽ മറികടന്നാൽ 50,000 ദിർഹം വരെ പിഴ ഈടാക്കും. അശ്രദ്ധയോടെ വാഹനമോടിച്ച് ഗുരുതരഅപകടമുണ്ടാക്കുന്നവർക്കും ഇതേ തുക പിഴ നൽകേണ്ടിവരും. റെഡ് സിഗ്നൽ മറികടക്കൽ, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്,   മത്സരയോട്ടം, അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള യാത്ര എന്നിവ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കും. റെഡ് സിഗ്നൽ മറികടന്നതിൻറെ പേരിൽ 30 ദിവസത്തേക്കു പിടിച്ചെടുക്കുന്ന വാഹനം 5000 ദിർഹം നൽകി മൂന്നു മാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. റെഡ് സിഗ്നൽ മറികടക്കുന്നവർക്കുള്ള കുറഞ്ഞ പിഴ 10,000 ദിർഹവും 12 ബ്ലാക് പോയിൻറുമാണ്. കഴിഞ്ഞ വർഷം മൂവായിരത്തോളം വാഹനങ്ങളാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്. 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹമാണു പിഴ. അങ്ങനെ പിടിച്ചെടുക്കുന്ന വാഹനം തിരിച്ചെടുക്കണമെങ്കിൽ 5000 ദിർഹം വേറെയും നൽകണം.

സീബ്രാ ക്രോസിങ്ങിൽ കാൽനട യാത്രക്കാർക്ക് മുൻഗണ നൽകാതെ അപകടമുണ്ടായാൽ 5,000 ദിർഹമാണ് പിഴശിക്ഷ. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000 ദി‍ർഹം പിഴയ്ക്കു പുറമെ മൂന്നു മാസം തടവുമുണ്ടാകും.