വില വർധനവിനു ഇനി മുൻകൂർ അനുമതി നിർബന്ധം; യുഎഇ സാമ്പത്തിക മന്ത്രാലയം

uaewb
SHARE

യുഎഇയിൽ അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നതിനു മുൻകൂർ അനുമതി നിർബന്ധമാണെന്നു സാമ്പത്തിക മന്ത്രാലയം. അരി, പാൽ, പഞ്ചസാര ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വിലനിർണയം സംബന്ധിച്ച പുതിയ നയത്തിനു സാമ്പത്തിക മന്ത്രാലയം അംഗീകാരം നൽകി. നിയമം പാലിക്കുന്നുണ്ടോയെന്നുറപ്പാക്കാൻ പരിശോധന കർശനമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അവശ്യവസ്തുക്കളുടെ വില അന്യായമായിവർധിപ്പിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് സാമ്പത്തികമന്ത്രാലയം പുതിയ നയം പുറപ്പെടുവിച്ചിരിക്കുന്നത്. പാൽ, പഞ്ചസാര, കോഴിയിറച്ചി, ബ്രഡ്, വെള്ളം, പാചകഎണ്ണ, മുട്ട, ഉപ്പ്, അരി തുടങ്ങി 11,000ൽ അധികം ഉൽപ്പന്നങ്ങളെയാണ് അവശ്യവസ്തു ഗണത്തിലുൾപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതി ചെലവിനു ആനുപാതികമായി വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന വിതരണക്കാർ കാരണം വ്യക്തമാക്കി രേഖകൾ മന്ത്രാലയത്തിനു കൈമാറണം. ഇക്കാര്യം പരിശോധിച്ച്, അംഗീകരിച്ചാൽ മന്ത്രാലയം നിർദേശിക്കുന്ന നിശ്ചിത ശതമാനം വിലകൂട്ടാം. അംഗീകരിച്ചില്ലെങ്കിൽ നിലവിലെ വില തുടരണമെന്നാണ് നിർദേശം. സാമ്പത്തികമന്ത്രാലയം വെബ്സൈറ്റ് വഴിയാണ് വിലവർധിപ്പിക്കുന്നതിൻറെ കാരണം അറിയിക്കേണ്ടത്. അതേസമയം, റമസാനിൽ അവശ്യവസ്തുക്കളുടെ വില വർധന തടയാൻ നടപടി സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 11 വിഭാഗങ്ങളിലെ 300 അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാനാണ് പദ്ധതി. നിയമം പാലിക്കുന്നുണ്ടോയെന്നുറപ്പാക്കാൻ കർശന പരിശോധന നടത്തും. അവശ്യസാധനങ്ങളുടെ വില അയൽ രാജ്യങ്ങളിലേയും രാജ്യാന്തര തലത്തിലുമുള്ള വിലയുമായി പൊരുത്തപ്പെട്ടതായിരിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. ഇതിനായി ഡിജിറ്റൽ ഡേറ്റാബേസ് വികസിപ്പിക്കാനാണ് പദ്ധതി.

MORE IN GULF
SHOW MORE