ഓണ്‍ അറൈവല്‍ വീസയിലെത്തുന്നവർക്ക് ഹോട്ടൽ ബുക്കിങ് നിർബന്ധമാക്കി ഖത്തർ

quatarvisa
SHARE

ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വീസയിലെത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് താമസത്തിനു ഹോട്ടൽ ബുക്കിങ് നിർബന്ധമാക്കി. പതിനാലാം തീയതി മുതൽ ഹോട്ടൽ ബുക്കിങ് രേഖയുണ്ടെങ്കിൽ മാത്രമേ ഓൺ അറൈവൽ വീസയിൽ പ്രവേശനം അനുവദിക്കൂ. ഡിസ്കവർ ഖത്തർ വെബ്സൈറ്റ് മുഖേനയാണ് ഹോട്ടൽ ബുക് ചെയ്യേണ്ടത്.

ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ രാജ്യക്കാരായ  പൗരന്മാര്‍ക്കാണ് പുതിയ ഓൺ അറൈവൽ വീസ വ്യവസ്ഥകൾ ബാധകം. ഈ മാസം 14 നു നിലവിൽ വരുന്ന നിയമമനുസരിച്ചു, ഖത്തറിലെത്തുന്നതിനു മുൻപുതന്നെ ഹോട്ടൽ ബുക് ചെയ്തിരിക്കണം. ഖത്തറില്‍ നിന്നു മടങ്ങുംവരെയുള്ള ഹോട്ടല്‍ ബുക്കിങ് രേഖ ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ അറൈവൽ വീസയിൽ പ്രവേശനം അനുവദിക്കൂ.  ഖത്തറിൽ താമസിക്കുന്ന കുടുംബത്തെ സന്ദർശിക്കാനെത്തുന്ന ഓൺ അറൈവൽ വീസയിലുള്ളവർക്കും ഈ വ്യവസ്ഥ ബാധകമാണ്. കുറഞ്ഞത് രണ്ടു ദിവസം മുതല്‍ പരമാവധി 60 ദിവസം വരെയാണ് വീസ അനുമതി. ഓൺ അറൈവൽ വീസക്കാർക്കു മാത്രമാണ് ഈ നിബന്ധനകളുള്ളത്, അതേസമയം, നിലവിൽ ഇന്ത്യയിൽ നിന്നുവരുന്ന സന്ദർശകർക്കു ഒരു ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. കോവിഡ് സാഹചര്യത്തിൽ ക്വാറൻറീന്‍ വ്യവസ്ഥ പാലിക്കേണ്ട വിഭാഗക്കാര്‍ ഹോട്ടല്‍ ക്വാറൻറീൻ ബുക്കിങ് ഡിസ്‌കവര്‍ ഖത്തറിലൂടെ പ്രത്യേകം ചെയ്തിരിക്കണമെന്നാണ് നിർദേശം. സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്. 

MORE IN GULF
SHOW MORE