യുഎഇയിൽ ഇറച്ചിക്കും ചിക്കനും വൻ വില വർധന; ഒറ്റയടിക്ക് കൂടിയത് 23.5 ശതമാനം

അബുദാബി : യുഎഇയിൽ ഇറച്ചിക്കും ചിക്കനും വില കൂടിയെന്ന് ഉപഭോക്താക്കൾ. വിവിധ കമ്പനികൾ വിപണികളിലെത്തിക്കുന്ന ചിക്കനും ബീഫിനും മാത്രമല്ല പ്രാദേശിക ഫാമുകളിൽ നിന്നെത്തുന്ന ഉൽപ്പന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ചിക്കനും ബീഫിനും 23 ശതമാനം വരെ വില കൂടിയതായാണു ഉപഭോക്താക്കൾ പറയുന്നത്. ഒരു കിലോ 33 ദിർഹമിനു വിറ്റിരുന്ന മാംസത്തിനു ഇപ്പോൾ 43 ദിർഹമാണ് ഈടാക്കുന്നതെന്ന്‌ അബുദാബിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് ഇറച്ചി വാങ്ങിയ സ്വദേശി വനിത നൂറ അൽ ഹാശിമി പറഞ്ഞു. 17 ദിർഹമിനു ഒരു കിലോ ലഭിച്ചിരുന്ന പ്രാദേശിക ചിക്കൻ വില 21 ദിർഹമായി ഉയർന്നു.

ഒറ്റയടിക്ക് കൂടിയത് 23.5 ശതമാനം

ഒരു കിലോ 34 ദിർഹമുണ്ടായിരുന്ന മറ്റൊരിനം ബീഫ് ഇപ്പോൾ 39 ദിർഹമിനാണ് വിൽക്കുന്നത്. കൊഴുപ്പ് കുറച്ച് വിൽക്കുന്ന ഇറച്ചിയുടെ വില കിലോ ഒന്നിന് 44 ദിർഹമായിരുന്നൂവെങ്കിൽ ഇപ്പോൾ 51 ദിർഹമാക്കി ഉയർത്തി. ഓരോ രാജ്യത്തിൽ നിന്നും യുഎഇ വിപണികളിലെത്തുന്ന മാംസത്തിനും കോഴിയിറച്ചിക്കുമെല്ലാം  തരമനുസരിച്ച് വില വർധിപ്പിച്ചിട്ടുണ്ടെന്ന് ഉപഭോക്താവ് ലബീബ് അബ്ദുൽ ഹമീദ് വെളിപ്പെടുത്തി.

പ്രവാസികളുടെ ഭക്ഷണ മെനുവിലെ പ്രധാന ഇനമായ ചിക്കനും ബീഫും നിയമം ലംഘിച്ച് വില വർധിപ്പിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കൾ അധികൃതരോട് അഭ്യർഥിച്ചു.

എന്നാൽ, ഇപ്പോഴുണ്ടായ വിലക്കയറ്റം ആഗോള വിപണകളിലുണ്ടായതിന്റെ പ്രതിഫലനം മാത്രമാണെന്നാണ് വ്യാപരികളുടെ വിശദീകരണം. ചിക്കനും ഇറച്ചിയും ഇറക്കുമതി ചെയ്യണമെങ്കിൽ പ്രത്യേക കാർഗോ സംവിധാനം ആവശ്യമാണ്. ചരക്ക് നീക്കത്തിനുള്ള ചിലവ് കൂടിയതാണ് വില വർധനയ്ക്ക് കാരണമെന്നും കച്ചവടക്കാർ പറയുന്നു. പ്രാദേശിക ഉൽപന്നങ്ങളുടെ വിലയെ ബാധിച്ചത് കാലിത്തീറ്റയിലും അനുബന്ധ വസ്തുക്കളിലുമുണ്ടായ വില വർധനയാണ്.

ബിൽ വേണമെന്ന് അധികൃതർ

അവശ്യ സാധനങ്ങൾക്ക് വില വർധിപ്പിച്ചതിനു കാരണം ബോധിപ്പിക്കാൻ കാർഗോ ബിൽ ഹാജരാക്കണമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ സമിതി അധികൃതർ അറിയിച്ചു. ഇതു പരിശോധിച്ച ശേഷം ലഭിച്ച പരാതികൾക്ക് ഇടയാക്കിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.