യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് ടൊവിനോ; കൂടുതൽ പേര്‍ക്ക് ഉടൻ ലഭിക്കും

യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വീസ കൂടുതൽ പേർക്ക്. ക്രാഫ്റ്റ്സ്മാൻ, ക്രിയേറ്റീവ് സംരംഭകർ, മറ്റു കലാ പ്രതിഭകൾ എന്നിവർക്ക് ഇന്ന് (30) മുതൽ 10 വർഷത്തെ കൾചറൽ വീസ നൽകുമെന്ന് ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.  മലയാള ചലച്ചിത്ര നടൻ ടൊവിനോ തോമസ് ഇന്ന് ഗോൾഡൻ വീസ സ്വീകരിച്ചു. വീസ സ്വീകരിക്കുന്നതിന്റെ ചിത്രം ടൊവിനോ സോഷ്യൽ മീഡയയിൽ പങ്കുവെച്ചു. അദ്ദേഹം കഴിഞ്ഞ ദിവസം യുഎഇയിൽ എത്തിയിരുന്നു. മറ്റു യുവ സൂപ്പർ താരങ്ങൾക്കും നടിമാർക്കും വൈകാതെ വീസ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

കലാകാരന്മാരും സർഗാത്മകരംഗത്ത് പ്രവർത്തിക്കരും 10 വർഷത്തെ വീസയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ അപേക്ഷകൾ culturalvisa@dubaiculture.ae എന്ന മെയിലിലേയ്ക്കാണ് അയക്കേണ്ടത്. പാസ്പോർട് കോപ്പി, എമിറേറ്റ്സ് െഎഡി, സാംസ്കാരിക ജീവിതത്തെക്കുറിച്ചുള്ള വിവരണം, ഫോൺ നമ്പർ, മേൽവിലാസം, ജോലിചെയ്യുന്ന സ്ഥലം എന്നിവ കൂടാതെ, വിദ്യാഭ്യാസ യോഗ്യത, സമൂഹത്തിന് നൽകി സംഭാവനകളുടെ രേഖകൾ, തൊഴിൽ തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും കൈമാറണം. 

ദുബായിയുടെ കൾചറൽ വീസ ലോകത്ത് തന്നെ ഇതാദ്യമാണ്. അൽ ക്വോസ് ക്രിയേറ്റീവ് സോൺ വികസന പദ്ധതിയുടെ ഭാഗമായാണ് കൾചറൽ വീസ ആരംഭിക്കുന്നത്.