തത്സമയം 10 ഭാഷകളിൽ അറഫ പ്രസംഗം ; സംവിധാനമൊരുക്കിയത് മലയാളി

 ഹജ്ജിന്റെ ഭാഗമായ അറഫാദിന പ്രസംഗം 10 ഭാഷകളിലേക്കു തത്സമയം മൊഴിമാറ്റം ചെയ്ത സംവിധാനത്തിനു പിന്നിൽ മലയാളി. കോട്ടയം താഴത്തങ്ങാടി സ്വദേശി മുഹമ്മദ് സലാഹുദ്ദീൻ പാഴൂരാണ് സംരംഭത്തിനു പിന്നിൽ പ്രവർത്തിച്ചത്. യുഎസിലെ ഫ്ലോറിഡയിൽ താമസിക്കുന്ന, സലാഹുദ്ദീന്റെ നാസ്ടെക് കമ്പനിയാണു തത്സമയ മൊഴിമാറ്റത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയത്.

വിവിധ മാധ്യമങ്ങളിലൂടെ അറഫാദിന പ്രസംഗം 8 കോടി ആളുകളാണ് ഇത്തരത്തിൽ കേട്ടത്.  ഔദ്യോഗിക 10 ഭാഷകൾക്കു പുറമേ മലയാളത്തിലും മൊഴിമാറ്റം ലഭ്യമാക്കിയിരുന്നു. 2014 ൽ ഉംറയ്ക്ക് എത്തിയപ്പോഴാണ് ആശയം തോന്നിയത്. പലതവണ ശ്രമിച്ച്  മക്ക ഹറം പള്ളിയിലെ മുഖ്യ ഇമാം ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസിനെ നേരിൽകാണാൻ സാധിച്ചു. സൗദി രാജാവ് പദ്ധതിക്ക് അംഗീകാരം നൽകി.

താഴത്തങ്ങാടി പാഴൂർ പരേതരായ കൊച്ചു മുഹമ്മദിന്റെയും അമീനയുടെയും മകനാണ് സലാഹുദ്ദീൻ. ഭാര്യ സയിദ സലാഹുദ്ദീനൊപ്പം യുഎസിലാണ്.സാങ്കേതിക സഹായമൊരുക്കിയ സംഘത്തിൽ താഴത്തങ്ങാടി പടിപ്പുരയ്ക്കൽ വലിയ വീട്ടിൽ ഫൈസൽ മൻസാർ ആലമും ഉണ്ട്.