പവിഴപ്പുറ്റ് മേഖലയൊരുക്കി സമുദ്രജീവികൾക്ക് സംരക്ഷണം; പദ്ധതിക്ക് തുടക്കം

അറേബ്യൻ തീരത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് മേഖലയൊരുക്കി സമുദ്രജീവികളെ സംരക്ഷിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് അബുദാബിയിൽ തുടക്കമായി. അബുദാബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിൽ യുഎഇയുടെ വിവിധ മേഖലകളിൽ 10 ലക്ഷത്തിലേറെ പവിഴപ്പുറ്റ് കോളനികൾ സൃഷ്ടിക്കും. തീരസംരക്ഷണത്തിനും ടൂറിസം വികസനത്തിനും പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന പാറകളും പവിഴപുറ്റുകളും ഉൾപ്പെടുന്ന ആവാസവ്യവസ്ഥയ്ക്ക് ചൂടുകൂടിയതടക്കമുള്ള കാലാവസ്ഥാ വ്യതിയാനം കാരണം തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് സമുദ്രജീവൻ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇയുടെ പദ്ധതി.  വിവിധ ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ അബുദാബിയിലെ സമുദ്രതീരത്ത് വെള്ളത്തിൻറെ നിലവാരവും കടലിൻറെ ആഴവും മറ്റു ഘടകങ്ങളും വിലയിരുത്തി അനുയോജ്യ മേഖലകൾ കണ്ടെത്തും. വെള്ളത്തിനടിയിൽ നഴ്സറികൾ സ്ഥാപിച്ച് പവിഴപ്പുറ്റുകൾ വച്ചുപിടിപ്പിക്കും. വംശനാശ ഭീഷണി നേരിടുന്ന വിവിധയിനം മത്സ്യങ്ങൾക്കും സമുദ്രജീവികൾക്കും സുരക്ഷിത ആവാസകേന്ദ്രമൊരുങ്ങുമെന്നതാണ് പദ്ധതിയുടെ വലിയ നേട്ടമെന്ന് അബുദാബി എൻവയൺമെൻറ് ഏജൻസി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎഇ തീരത്ത് ഇല്ലാതായ പലയിനം മത്സ്യങ്ങളുെ മടങ്ങിയെത്താനും സഹായകമാകും. മത്സ്യോൽപാദനം വർധിക്കുകയും ചെയ്യും. 

ഫുജൈറ, ദിബ്ബ എന്നിവിടങ്ങളിൽ ഇതിനു വൻ സാധ്യതയാണുള്ളതെന്നു കണ്ടെത്തിയിട്ടുണ്ട്. 2017ലെ റിപ്പോർട്ട് പ്രകാരം, കോറൽ ബ്ലീച്ചിങ് എന്ന പ്രതിഭാസം മൂലം അബുദാബി പവിഴപ്പുറ്റ് മേഖലയുടെ 73% നഷ്ടമായതായാണ് റിപ്പോർട്ട്. കടൽജലത്തിൻറെ ചൂടുകൂടിയതും വെല്ലുവിളിയായി. സംരക്ഷണ നടപടികൾ ഊർജിതമാക്കിയതോടെ ഒരു കൊല്ലത്തിനം 18% മെച്ചപ്പെട്ടു. സമുദ്രവിനോദസഞ്ചാരത്തിനും ഗവേഷണത്തിനും ആകർഷകമായ രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും ഏജൻസി വ്യക്തമാക്കി.