സമൂഹമാധ്യമത്തിലൂടെ പരിചയം, പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

അബുദാബി∙ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവ് പെൺകുട്ടിക്കെതിരെ വധ ഭീഷണി മുഴക്കി. ബന്ധം തുടർന്നില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അബുദാബി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ‌

പരസ്പരം ഫോട്ടോകൾ കൈമാറി; പണം ചോദിച്ചതോടെ പ്രശ്നം

സൗഹൃദത്തെ തുടർന്ന് ഇരുവരും ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറിയിരുന്നു. യുവാവ് വിവാഹത്തിനും സന്നദ്ധത അറിയിച്ചിരുന്നു. പിന്നീട് യുവാവ് പണം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതോടെ ബന്ധത്തിൽ വിള്ളൽ വന്നു. പിന്മാറിയാൽ കൊല്ലുമെന്നും ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. മാനസികമായി തകർന്ന പെൺകുട്ടി സുഹൃത്തുക്കളുടെ നിർദേശപ്രകാരം കേസ് കൊടുക്കുകയായിരുന്നു.

സമൂഹമാധ്യമത്തിലെ അപരിചിതരെ വിശ്വസിക്കരുത്

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന അപരിചിതരെ വിശ്വസിക്കരുതെന്നും ചതിക്കപ്പെട്ടാൽ എത്രയുംവേഗം 800 2626 നമ്പറിൽ പരാതിപ്പെടണമെന്നും അബുദാബി പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് ബി കെയർഫുൾ എന്ന പേരിൽ ബോധവൽക്കരണ ക്യാംപെയിനും ആരംഭിച്ചു. യുഎഇയിൽ ബ്ലാക്ക് മെയിൽ ചെയ്യുന്നവർക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. 

English Summary: Youth arrested for threatening to kill young girl