അക്കം മനസ്സിൽ തെളിഞ്ഞു; മലയാളികൾക്ക് എമിറേറ്റ്സ് ലോട്ടോയിലൂടെ ഒരു കോടി വീതം

പ്രവീണും രമേശനും

എമിറേറ്റ്സ് ലോട്ടോയിലൂടെ( മെഹസൂസ്) ഒരു കോടി രൂപ ലഭിച്ച സന്തോഷത്തിനൊപ്പം മറ്റൊരു അമ്പരപ്പിലാണ് കണ്ണൂർ തളിപ്പറമ്പ് ചിറവക്കിൽ രമേശൻ (43). 22 കൊല്ലം മുൻപ് സ്വപ്നത്തിലെന്നപോലെ തെളിഞ്ഞ സംഖ്യയാണ് ഭാഗ്യം എത്തിച്ചത്. നാട്ടിൽ 1999ലും സൂപ്പർ ലോട്ടോ കളിക്കുമായിരുന്നു. അന്ന് മനസ്സിൽ തെളിഞ്ഞ അക്കമാണ് 61626323640. ഈ അക്കത്തിൽ നാട്ടിൽ വച്ച് കളിച്ചിട്ടും ഭാഗ്യം വന്നില്ല. ദുബായിലെത്തി കഴിഞ്ഞ രണ്ടു തവണയും ഇതേ നമ്പറിലാണ് കളിച്ചത്. ഇതാണ് തന്റെ ഭാഗ്യ നമ്പറെന്ന് വിശ്വസിച്ച് ഇത്തവണയും കളിക്കുകയായിരുന്നുവെന്ന് രമേശൻ അദ്ഭുതം ഒഴിയാതെ പറഞ്ഞു.

രമേശൻ ദുബായിൽ എത്തിയിട്ട് 17 വർഷമായി. അൽമായ ഗ്രൂപ്പിൽ ജോലി. ദയ്റ നായ്ഫിൽ താമസം. എട്ടംഗ കുടുംബത്തിന്റെ ആശ്രയമാണ് രമേശൻ. 

ഭാര്യ നിഷ, മക്കളായ അഭിനവ്, അനാമി എന്നിവരെ ദുബായ് കാണിക്കാൻ കൊണ്ടുവരണം എന്നതാണ് ഉടനുള്ള മോഹം. സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. ഇനി വിവാഹവും സന്തോഷമായി നടത്തണമെന്നാണ് ആഗ്രഹമെന്ന് രമേശൻ പറഞ്ഞു.

രമേശന്റെ അതേ നമ്പറിൽ കളിച്ച മലയാളിയായ പ്രവീണിനും ഒരു കോടി രൂപ ലഭിച്ചു. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം പേട്ട ആനയറ സ്വദേശിയായ പ്രവീൺ ബാലചന്ദ്രൻ. 10 വർഷമായി ദമാമിലെ ബാങ്കിൽ (സെയിൽസ്) ഉദ്യോഗസ്ഥനായ പ്രവീൺ ശനിയാഴ്ചകളിൽ മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത് പതിവാണ്. വീട് എന്ന സ്വപ്നം നേടാൻ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സൗദിയിലുണ്ടായിരുന്ന ഭാര്യയെയും 2 കുട്ടികളെയും നാട്ടിലാക്കിയിരുന്നു.