ഗൾഫിൽ നിന്ന് വരുന്നവർക്ക് കോവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് കോവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം. യാത്ര പുറപ്പെടും മുൻപ് എയർ സുവിധ വെബ്സൈറ്റിൽ പരിശോധനാഫലം അപ്ലോഡ് ചെയ്യണമെന്നാണ് നിർദേശം. പുതിയതീരുമാനം 22 ന് നിലവിൽവരും. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം സംസ്ഥാനസർക്കാരുകൾക്ക് സ്വീകരിക്കാവുന്നതാണ്. 

കൊറോണ വൈറസിൻറെ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കായി കേന്ദ്രആരോഗ്യമന്ത്രാലയം പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിലവിൽ തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളിലേക്ക് വരുന്നവർക്ക് മാത്രമാണ് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കിയിരുന്നത്. കേന്ദ്രആരോഗ്യമന്ത്രാലയത്തിൻറെ പുതിയഉത്തരവ് പ്രകാരം മിഡിൽ ഈസ്റ്റ്, ബ്രിട്ടൺ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഉറപ്പാക്കേണ്ടതാണ്. ഈ പരിശോധനാഫലം എയർസുവിധയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നാണ് നിർദേശം. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുമ്പോഴും കോവിഡ് പരിശോധന നടത്തണം. ഇക്കാര്യത്തിൽ ഓരോ സംസ്ഥാനങ്ങൾക്കും കോവിഡ് സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ്. കേരളം ഉടൻ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. അതേസമയം, ദുബായിലേക്ക് വരുന്ന യാത്രക്കാരുടെ കൈവശമുള്ള കോവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.  പരിശോധന നടത്തിയതിൻറെയും ഫലം സ്വീകരിച്ചതിൻറെയും തീയതി, സമയം എന്നിവയും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ദുബായിലേക്ക് വരുന്നവർക്ക് ജി.ഡി.ആർ.എഫ്.എ, ഐ.സി.എ എന്നിവയുടെ അനുമതിയാവശ്യമില്ലെന്നും കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം മാത്രം മതിയെന്നും എമിറേറ്റ്സ്, ഫ്ളൈ ദുബായ് എയർലൈൻസുകൾ അറിയിച്ചു.