ഒമാനിൽ വാക്സിനേഷന് തുടക്കം; രോഗികളും ആരോഗ്യപ്രവർത്തകരും ആദ്യ പട്ടികയിൽ

ഒമാനിൽ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടമായി വാക്സീൻ നൽകുന്നത്. ഒമാനിൽ വാക്സിനേഷൻ തുടങ്ങുന്നതോടെ, വാക്സീൻ പൊതുജനങ്ങൾക്ക് നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഇടംനേടും.15,600 ഡോസ് ഫൈസർ വാക്സീൻ ആദ്യഘട്ടമായി ഒമാനിലെത്തിച്ചതിന് പിന്നാലെയാണ് വാക്സിനേഷൻ തുടങ്ങുന്നത്. ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ അല്‍ സഈദി വാക്‌സീൻ സ്വീകരിച്ച് ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യും. രണ്ട് ഡോസ് വാക്സിൻ 21 ദിവസത്തെ ഇടവേളയിലാണ് ആവശ്യക്കാർക്ക് നൽകുക. ജനുവരിയില്‍ രണ്ടാം ഘട്ട വാക്സീന്‍ 28,000 ഡോസ് ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ഗുരുതര രോഗബാധിതര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ നല്‍കും. മൂന്നുഘട്ടമായി 60ശതമാനം ജനങ്ങൾക്കും വാക്സീൻ ഉറപ്പാക്കുമെന്നും എന്നാൽ വാക്സീൻ സ്വീകരിക്കണമെന്ന് നിർബന്ധമില്ലെന്നും മന്ത്രാലയം അറിയിച്ചു. സൌദിഅറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ വാക്സീനേഷൻ പുരോഗമിക്കുകയാണ്. അതേസമയം, കോവിഡ് വ്യാപനം കുറയുന്ന സൌദിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഫൈസർ വാക്സീൻ സ്വീകരിച്ചു. സൗദിയിൽ അഞ്ചുലക്ഷത്തിലധികം പേരാണ് വാക്സീൻ സ്വീകരിക്കാൻ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗൾഫിൽ ഏറ്റവുമധികം കോവിഡ് ബാധറിപ്പോർട്ട് ചെയ്ത് സൌദിയിൽ നിലവിൽ പ്രതിദിനം 200ൽതാഴെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.