ഖത്തറിൽ ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിൽ

ഖത്തറിൽ പ്രവാസികളുടെ മടങ്ങിവരവ് ലളിതമാക്കുന്ന ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിൽ. ഏഴുമാസം വരെയാണ് പെർമിറ്റ് കാലാവധി. അതേസമയം, ദോഹയിൽ മടങ്ങിയെത്തുന്നവർ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദേശം.

ഖത്തറിൽ താമസവീസയുള്ളവർക്ക് മടങ്ങിവരാന്‍ ആവശ്യമായ റീ എന്‍ട്രി പെര്‍മിറ്റ് നടപടികളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. രാജ്യത്തിന് പുറത്തു പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസി താമസക്കാര്‍ക്ക് മടങ്ങിയെത്താനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഓട്ടമാറ്റിക് പെര്‍മിറ്റ് സംവിധാനം. രാജ്യത്തിന് പുറത്തേക്കു പോകുന്നവർക്കുള്ള റീ എൻട്രി പെർമിറ്റിനായി ഇനി പ്രത്യേക അപേക്ഷ നൽകി കാത്തിരിക്കേണ്ടതില്ല. ഹമദ് വിമാനത്താവളത്തിലെ ഇമിഗ്രേഷനില്‍ എക്‌സിറ്റ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും എന്‍ട്രി പെര്‍മിറ്റ് ലഭിക്കും. ഇത് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് മാത്രമേ ഈ രീതിയില്‍ ഓട്ടോമെറ്റിക് റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കൂ. വിദേശത്തുള്ളവര്‍ നേരത്തെ പോലെ ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ അപേക്ഷ നല്കണം. അതേസമയം, തിരികെ ദോഹയിലെത്തുമ്പോള്‍ ഏഴ് ദിവസം ക്വാറൻറീൻ നിർബന്ധമാണെന്ന് ഇന്ത്യയിലേക്ക് പോയ പ്രവാസികളുടെ പെര്‍മിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.