അൻപതാം ദേശീയദിനാഘോഷ നിറവിൽ ഒമാൻ; ചടങ്ങുകളില്ലാതെ ആഘോഷം

അൻപതാം ദേശീയദിനാഘോഷ നിറവിൽ ഒമാൻ. സുൽത്താൻ ഖാബൂസിന്‍റെ വിയോഗത്തിന്‍റെയും കോവിഡിന്‍റെയും പശ്ചാത്തലത്തിൽ വലിയ ചടങ്ങുകളില്ലാതെയാണ് ആഘോഷം. സുൽത്താൻ ഹൈതം ബിൻ താരിഖ് ഭരണാധികാരിയായി സ്ഥാനമേറ്റശേഷമുള്ള ആദ്യത്തെ ദേശീയദിനാഘോഷമാണിത്.

ആധുനിക ഒമാൻറെ ശിൽപിയായ സുൽത്താൻ  ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിൻറെ ജന്മദിനമാണ് ദേശീയദിനമായി ആഘോഷിക്കുന്നത്. ഒമാൻ ജനതയുടെ മുന്നേറ്റത്തിന്‍റെ കഥകളും പാട്ടുകളുമൊക്കെയാണ് നഗരവീഥികളിൽ ഉയർന്നുകേൾക്കുന്നത്. ദേശീയ പതാകയും വര്‍ണ ദീപങ്ങളുംകൊണ്ട് അലംകൃതമാണ് രാജ്യമെങ്ങും. ദേശീയദിനാഘോഷത്തിൻറെ പ്രധാനആകർഷണമായ സൈനികപരേഡ് കോവിഡ് കാരണം ഒഴിവാക്കി. ജനങ്ങളുടെ 

ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ വലിയ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് സുൽത്താൻ നിർദേശിച്ചതായി ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ സഈദി പറഞ്ഞു. അമിറാത്ത്, സീബ്, ദോഫാറിലെ മുനിസിപ്പാലിറ്റി എൻറർടെയ്ൻമൻറ് സെൻറർ എന്നിവിടങ്ങളിൽ കരിമരുന്നുപ്രയോഗമൊരുക്കി. ശനിയാഴ്ച 

രാത്രി എട്ടുമുതൽ ഖസബ്, ബുറൈമി വിലായത്തുകളിലും വെടിക്കെട്ട് ആഘോഷമുണ്ടായിരിക്കും. മലയാളികളടക്കമുള്ള പ്രവാസികളും പൌരൻമാരും ഒമാൻ ജനതയോടൊന്നിച്ചു ദേശീയദിനം ആഘോഷിക്കുകയാണ്. സൌദി, യുഎഇ തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ, ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻജനതയ്ക്ക് ആശംസകൾ നേർന്നു.