മരത്തടിയില്‍ നിർമിച്ച പായ്ക്കപ്പല്‍; ഗിന്നസ് റെക്കോർഡിലിടം നേടി ഉബൈദ്

മരത്തടി കൊണ്ടു നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ അറബിക് പായ്ക്കപ്പലിനുള്ള ഗിന്നസ് റെക്കോർഡിലിടം നേടി ദുബായിൽ നിർമിച്ച ഉബൈദ് പായ്ക്കപ്പൽ. 300 അടി നീളമുള്ള പായ്ക്കപ്പലാണ് ഉബൈദ് ബിൻ ജുമാ ബിൻ സുലൂം എസ്റ്റാബ്ളിഷ്മെൻറ് നീറ്റിലിറക്കിയത്. ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് ഉബൈദ്, കാർഗോ സേവനം നടത്തും.

91.47 മീറ്റർ നീളവും  20.41 മീറ്റർ വീതിയും 11.22  മീറ്റർ ഉയരത്തിലുമാണ് ഉബൈദ് എന്നു പേരിട്ട പായ്കപ്പൽ നിർമിച്ചിരിക്കുന്നത്. 2500 ടൺ ഭാരമുള്ള പായ്ക്കപ്പലിന് 6000 ടൺ വരെ ഉൾക്കൊള്ളാനാകും. ആഫ്രിക്കയിൽ നിന്നടക്കമാണ് തടികളെത്തിച്ചത്. ദുബായ് ക്രീക്കിൽ നടന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പരിപാടിയിൽ കമ്പനി സി.ഇ.ഒ മാജിദ് ഉബൈദ് ജുമാ ബിൻ മാജിദ് അൽ ഫലാസി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 80.4 മീറ്റർ നീളവും 18.7 വീതിയുമുള്ള അറബിക് പായ്ക്കപ്പലിൻ്റെ 2002 ലെ ഗിന്നസ് റെക്കോർഡാണ് ഉബൈദ് തകർത്തത്. ഇന്ത്യ, പാക്കിസ്ഥാൻ, യെമൻ, കെനിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാർഗോ സേവനത്തിനാണ് ഉബൈദ് പായ്കപ്പൽ ഉപയോഗിക്കുന്നത്. 1972ൽ സ്ഥാപിതമായ ഉബൈദ് ബിൻ ജുമാ ബിൻ സുലൂം എസ്റ്റ്ബ്ളിഷ്മെൻ്റ് കമ്പനി 300 ടൺ ഭാരമുള്ള കപ്പലുകളാണ് അൽ ഹംരിയയിലെ ഫാക്ടറിയിൽ ആദ്യം നിർമിച്ചത്. മത്സ്യബന്ധനത്തിന് മുതൽ കാർഗോയ്ക്ക് വരെ ഉപയോഗിക്കുന്ന അഞ്ഞൂറിലധികം കപ്പലുകൾ ഇതുവരെ നിർമിച്ചിട്ടുണ്ട്. കോവിഡ് 19 പ്രോട്ടോകോൾ പ്രകാരമായിരുന്നു ഗിന്നസ് വേൾഡ് റെക്കോർഡ് ചടങ്ങ് നടത്തിയതെന്ന് സംഘാടകരായ മാസ്റ്റർ വിഷൻ ഇൻ്റർനാഷനൽ ഇവൻ്റ്സ് എംഡി മുഹമ്മദ് റഫീഖ് പറഞ്ഞു.