എയർപോട്ടിലെ ശുചിമുറിയിൽ നവജാതശിശു; അമ്മയെകാത്ത് അധികാരികൾ

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാരി നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം സ്ഥിരീകരിച്ച് അധികൃതർ. കുഞ്ഞ് ആശുപത്രിയിൽ ജീവനക്കാരുടെയും സാമൂഹിക പ്രവർത്തകരുടെയും പരിചരണത്തിൽ സുഖമായിരക്കുന്നു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചു യാത്രക്കാരി സ്ഥലം വിട്ടുവെന്നാണ് നിഗമനം.

കുഞ്ഞിനെ ഉപേക്ഷിച്ച ശുചിമുറിക്കു സമീപം എത്തിയിരുന്ന എല്ലാ സ്ത്രീകളെയും വിമാനത്താവള അധികൃതർ വിശദമായി പരിശോധിച്ചെങ്കിലും അമ്മയെ കണ്ടെത്താൻ കഴിഞ്ഞില്ല. അവരുടെ ആരോഗ്യനിലയിൽ ആശങ്കയുള്ളതിനാൽ എന്തെങ്കിലും സൂചന ലഭിച്ചാൽ അറിയിക്കണമെന്നും നിർദേശമുണ്ട്.

ഒക്‌ടോബർ രണ്ടിനാണ് സംഭവമെങ്കിലും സിഡ്നിയിലേക്കുള്ള വിമാനത്തിൽ നിന്നിറക്കി തങ്ങളെ പരിശോധനയ്ക്കു വിധേയരാക്കിയതിനെക്കുറിച്ച്  ഏതാനും യാത്രക്കാർ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിനു പരാതി നൽകിയതോടെയാണു ഇക്കാര്യം പുറത്തറിഞ്ഞത്. അനുമതി തേടാതെ ശാരീരിക പരിശോധന നടത്തിയെന്നാണ് പരാതിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഖത്തർ സർക്കാരിന്റെ പ്രതികരണവും ഓസ്ട്രേലിയ  തേടിയിട്ടുണ്ട്.