ഒമാനിൽ മൂല്യവർധിത നികുതി; ഏപ്രിൽ മുതൽ നിലവിൽ വരും

ഒമാനിൽ അടുത്തവർഷം ഏപ്രിൽ മുതൽ മൂല്യവർധിത നികുതി നിലവിൽ വരും. സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ചുശതമാനം നികുതി ഏർപ്പെടുത്തും. ഇതുസംബന്ധിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു.  

സൌദിഅറേബ്യ, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കു പിന്നാലെയാണ് ഗൾഫിൽ ഒമാനും വാറ്റ് ഏർപ്പെടുത്തുന്നത്. ഏപ്രിൽ മുതൽ സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം നികുതി നൽകേണ്ടി വരും. ബഹുഭൂരിപക്ഷം സാധനങ്ങൾക്കും സേവനങ്ങൾക്കും അധിക നികുതി ബാധകമാകുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, ചികിൽസാ ഉപകരണങ്ങൾ, വിദ്യാഭ്യാസ സേവനം, സാമ്പത്തിക ഇടപാടുകൾ, യാത്രാഗതാഗതം, തരിശു സ്ഥലങ്ങൾ, വീടുകളുടെ പുനർവിൽപ്പന, വീട്ടുവാടക, പെട്രോളിയം ഉൽപ്പന്നങ്ങൾ, ഭിന്നശേഷിക്കാർക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമുള്ള വസ്തുക്കൾ എന്നിവയ്ക്ക് നികുതിയുണ്ടാകില്ല. വാറ്റ്  ഈടാക്കുന്നത് സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി രൂപരേഖയുണ്ടാക്കും.  2016 ലാണ് ജിസിസി രാജ്യങ്ങൾ സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത്.