ഇസ്രയേലിൽ നിന്ന് യുഎഇയിലേക്ക് ആദ്യയാത്രാവിമാനം; തിങ്കളാഴ്ച അബുദാബിയിലെത്തും

ഇസ്രയേലിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള ആദ്യയാത്രാവിമാനം നാളെ അബുദാബിയിലെത്തും. യുഎഇ രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഇസ്രയേലിൽ നിന്ന് യാത്രാവിമാനമെത്തുന്നത്. യു.എസ്, ഇസ്രയേൽ പ്രതിനിധികൾ വിമാനത്തിലുണ്ടാകും. അതേസമയം,  സൗദിഅറേബ്യയുടെ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്നതിന് ഇസ്രയേലിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഇസ്രയേലുമായി നയനതന്ത്രബന്ധം തുടങ്ങാൻ ഈ മാസം 13 ന് തീരുമാനിച്ചതിന് പിന്നാലെയാണ് ചരിത്രത്തിലിടം നേടുന്ന വിമാനയാത്രക്ക് കളമൊരുങ്ങിയത്. ഹീബ്രു, അറബിക്, ഇംഗ്ളീഷ് ഭാഷകളിൽ സമാധാനം എന്ന് രേഖപ്പെടുത്തിയ എൽ.വൈ 971 വിമാനമാണ് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം പത്തുമണിക്ക്, അതായത് ഇന്ത്യൻ സമയം 12.30 ന് പുറപ്പെടുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 4.05 ന് വിമാനം അബുബാദിയിലെത്തും. 

യുഎഇയോടുള്ള ആദരസൂചകമായി എൽ അൽ എയർലൈൻസ് അബുദാബിയിലേക്കുള്ള വിമാനത്തിന് 971 എന്ന നമ്പരാണ്  നൽകിയിരിക്കുന്നത്. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ മരുമകനും മുഖ്യ ഉപദേശകനുമായ ജാറെദ് കഷ്നറും അടക്കമുള്ള യുഎസ് ഉദ്യോഗസ്ഥരും ഇസ്രയേലിൻറെ പ്രതിനിധികളും വിമാനത്തിലുണ്ടാകും. ചൊവ്വാഴ്ച അബുദാബിയിൽ നിന്ന് വിമാനം ഇസ്രയേലിലേക്ക് മടങ്ങും. 

അതേസമയം, സൗദിഅറേബ്യയുടെ  വ്യോമമേഖലയിലൂടെയായിരിക്കുമോ അബുദാബിയിലേക്കുള്ള ഇസ്രയേൽ വിമാനത്തിന്റെ യാത്ര എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അനുമതി ലഭിച്ചില്ലെങ്കിൽ വിമാനം അബുദാബിയിലെത്താൻ നിശ്ചയിച്ചതിലും കൂടുതൽ സമയമെടുക്കും.