സന്ദർശക വീസയിൽ യുഎഇയിലേക്ക് വരാനാകുന്നില്ല; നിരാശയോടെ മലയാളികൾ മടങ്ങി

സന്ദർശക വീസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേയ്ക്ക് വരാൻ ഇന്ത്യൻ അധികൃതർ അനുവാദം നൽകിയില്ല. യാത്രയ്ക്കായി കേരളത്തിലെ വിവിധ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തിയവർ നിരാശയോടെ തിരിച്ചുപോയി. കോവിഡ് 19 പ്രതിരോധ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടായിരുന്നു ഇവർ യാത്രയ്ക്കൊരുങ്ങിയത്.

വന്ദേഭാരത് മിഷൻ പദ്ധതിപ്രകാരമുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ സന്ദർശക വീസയിൽ യാത്ര അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്ലൈ ദുബായ് വിമാനത്തിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് സന്ദർശക വീസക്കാർ യാത്രയ്ക്കൊരുങ്ങിയത്. തന്റെ മകൻ നിഹാൽ മുബാറകിനെ എമിഗ്രേഷൻ അടക്കം പൂർത്തിയാക്കി കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഫ്ലൈ ദുബായ് വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപാണ് അധികൃതർ യാത്ര വിലക്കിയതെന്ന്  ഷാർജയിൽ ജോലി ചെയ്യുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഡോ.മുബാറക് പരാതിപ്പെട്ടു. 

കേരളത്തിൽ മെഡിക്കൽ വിദ്യാർഥിയാണ് നിഹാൽ. എമിഗ്രേഷനും കഴിഞ്ഞ് വിമാനത്തിൽ കയറാൻ നേരം വിമാനജീവനക്കാരെ അധികൃതർ യാത്ര നിഷേധിച്ച കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ബോർഡിങ് പാസും എമിഗ്രേഷൻ സ്റ്റാമ്പും റദ്ദാക്കി–നിഹാൽ പറഞ്ഞു. മറ്റൊരു യാത്രക്കാരി ഷംനാ കാസിമിനെയും തിരിച്ചയച്ചിട്ടുണ്ട്. ഫാർമസിസ്റ്റായ ഷംന ദുബായിൽ മെക്കാനിക്കൽ എന്‍ജിനീയറായ ഭർത്താവ് ബാസിൽ അബ്ദുൽ ജബ്ബാറിന്റെ അരികിലേയ്ക്ക് വരാനാണ് യാത്രയ്ക്കൊരുങ്ങിയത്. അടുത്തിടെ വിവാഹിതരായ ഇവർ കൂടുതൽ കാലം ഒന്നിച്ച് കഴിഞ്ഞിട്ടില്ല.

സന്ദർശക വീസയിൽ ജോലി തേടിയെത്തി വീണ്ടും പ്രതിസന്ധിയിലാകുമെന്നതിനാൽ സന്ദർശക വീസക്കാരെ ഉടൻ യുഎഇയിലേയ്ക്ക് യാത്ര അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കിയിരുന്നു. എന്നാൽ കുടുംബത്തിന്റെ അടുത്തേയ്ക്ക് വരാൻ കാത്തിരിക്കുന്ന അംഗങ്ങളെയെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. ഇൗ ആവശ്യമുന്നയിച്ച് സാമൂഹിക പ്രവർത്തകനും സ്മാർട് ട്രാവൽസ് എംഡിയുമായ അഫി അഹമ്മദ് ഇന്ത്യൻ സ്ഥാനപതിക്കും കോൺസൽ ജനറൽ ഡോ.അമൻ പുരിക്കും നിവേദനം നൽകിയിട്ടുണ്ട്. ഒട്ടേറെ പേർ തന്റെ ട്രാവൽസ് വഴി സന്ദർശക വീസ നേടിയിട്ടുണ്ടെന്നും ഇവർക്ക് സമയവും പണവും നഷ്ടമാകുന്നതോടൊപ്പം ഭാവി തന്നെ ചോദ്യ ചിഹ്നമാകുകയാണെന്നും അഫി പറഞ്ഞു.

സന്ദർശക വീസയിൽ യാത്രയ്ക്കൊരുങ്ങി വിമാനത്താവളത്തിൽ നിന്ന് നിരാശരായി തിരിച്ചുപോകേണ്ടി വന്ന സംഭവത്തിൽ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഖേദം രേഖപ്പെടുത്തി. പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിലക്ക് നീക്കം ചെയ്യണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദർശക വീസക്കാരെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് അധികാരികളോട് അഭ്യർഥിച്ചിട്ടുണ്ട്. വൈകാതെ പ്രശ്നം പരിഹരിക്കുമെന്നും വിലക്ക് നീക്കം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു–പവൻ കപൂർ വ്യക്തമാക്കി