കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നു; ഗൾഫിൽ ആശ്വാസം

ഗൾഫിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നു. സൌദിഅറേബ്യയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. യുഎഇയിൽ മൂന്നു ദിവസമായി കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഗൾഫിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള സൌദി അറേബ്യയിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതാണ് ഗൾഫിലെ വലിയ ആശ്വാസം. 1258 പേരാണ് പുതുതായി രോഗബാധിതരായത്. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറവ് കണക്കാണിത്. തുടർച്ചയായ ഒൻപതാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിൽ താഴെയാണ്. 2,80,093 ആകെ രോഗബാധിതരായ സൌദിയിൽ 86 ശതമാനമാണ് രോഗമുക്തി നിരക്ക്. തീവ്രപരിചരണവിഭാഗത്തിൽ 2017 പേരടക്കം 35,091 പേരാണ് ഇനി ചികിൽസയിലുള്ളത്. 

32 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2949 ആയി. യുഎഇ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 97 ശതമാനം രോഗമുക്തി നിരക്കുള്ള ഖത്തറിൽ 3143 പേരാണിനി ചികിൽസയിലുള്ളത്. 89 ശതമാനം രോഗമുക്തി നിരക്കുള്ള യുഎഇയിൽ 5949 പേരും 93 ശതമാനം രോഗമുക്തി നിരക്കുള്ള ബഹ്റൈനിൽ 2722 പേരുമാണ് ഇനി ചികിൽസയിലുള്ളത്. കുവൈത്തിൽ 8099 പേർ ചികിൽസയിലുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒമാനിൽ പെരുന്നാൾ അവധികാരണം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, ആറ് ഗൾഫ് രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുറയുന്നതും രോഗമുക്തി നിരക്ക് ഉയരുന്നതും ആശ്വാസകരമാണ്.