കോവിഡ് വ്യാപനം; ഒമാൻ വീണ്ടും ലോക്ഡൌണിലേക്ക്; കർശന നിയന്ത്രണം

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഒമാൻ വീണ്ടും ലോക്ഡൌണിലേക്ക്. ഈ മാസം 25 മുതൽ അടുത്തമാസം എട്ട് വരെ എല്ലാ ഗവർണറേറ്റുകളും അടച്ചിടാൻ തീരുമാനിച്ചു. അതേസമയം, ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരത്തോളമെത്തി.

ഈ മാസം ഒന്നു തുടങ്ങി ഇതുവരെ 29,817 പേർക്ക് ഒമാനിൽ കോവിഡ് ബാധിക്കുകയും 161 പേർ കൂടി മരിക്കുകയും ചെയ്തു. ആറ് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറവ് രോഗമുക്തി നിരക്കും ഒമാനിലാണ്. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച തുടങ്ങി രണ്ടാഴ്ചത്തേക് ലോക്ഡൌൺ പ്രഖ്യാപിച്ചത്. രാത്രി ഏഴിനും രാവിലെ ആറിനും ഇടയിൽ യാത്രകൾ വിലക്കും. ഈ സമയത്ത് പൊതുസ്ഥലങ്ങളും കടകളുമെല്ലാം അടച്ചിടും. ഒരുതരത്തിലുമുള്ള ഒത്തുചേരലുകൾക്ക് അനുമതിയുണ്ടാകില്ല. ഗവർണറേറ്റുകൾക്കിടയിലെ യാത്രാവിലക്കും നിലവിൽ വരും. പൊലീസ് പട്രോളിങ് ശക്തമാക്കുകയും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. 

പള്ളികളിൽ പെരുന്നാൾ നമസ്കാരം ഉണ്ടായിരിക്കില്ല. പെരുന്നാളിനോടനുബന്ധിച്ചുള്ള പരമ്പരാഗത മാർക്കറ്റുകളും ഒഴിവാക്കും. ബലി പെരുന്നാൾ ആഘോഷങ്ങൾക്കായി ഒത്തുചേരരുതെന്നും നിർദേശമുണ്ട്. അതേസമയം, ഒമാനിൽ 1,487 പേർക്കുകൂടി രോഗം ബാധിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69,887 ആയി. 11 പേർകൂടി മരിച്ചതോടെ ആകെ മരണം 337 ആയി. 22942  പേരാണ് ഇനി ചികിൽസയിലുള്ളത്. 66 ശതമാനമാണ് രോഗമുക്തി നിരക്ക്.