സൗദിയിലും ഒമാനിലും കോവിഡ് ആശങ്ക പടരുന്നു: ഗൾഫിൽ മരണം 3,832 ആയി

സൌദി അറേബ്യയിലും ഒമാനിലും കോവിഡ് ആശങ്ക തുടരുന്നു. സൌദിയിൽ മുപ്പത്തൊൻപതും ഒമാനിൽ പത്തുപേരും കൂടി മരിച്ചതോടെ ഗൾഫിൽ ആകെ മരണം 3,832 ആയി. അതേസമയം, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ ജനസംഖ്യയുടെ പകുതിയോളം പേർക്ക് കോവിഡ് പരിശോധന നടത്തി.

സൌദിഅറേബ്യയിൽ കോവിഡ് മരണനിരക്ക് കുറയാത്തതാണ് പ്രധാന ആശങ്ക. തീവ്രപരിചരണ വിഭാഗത്തിൽ 2180 പേരടക്കം 50699 പേരാണ് ഇനി ചികിൽസയിലുള്ളത്. ആകെ രോഗബാധിതരായ 2,50,920 പേരിൽ 78 ശതമാനം രോഗമുക്തരായി. ഒരാഴ്ചയായി രോഗബാധിതരേക്കാൾ രോഗമുക്തരാകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒമാനിലാണ് ഗൾഫിൽ ഏറ്റവും കുറഞ്ഞ രോഗമുക്തി നിരക്ക്. ആകെ രോഗബാധിതരായ 66,661 പേരിൽ 66 ശതമാനമാണ് രോഗമുക്തരായത്. ആറ് ദിവസത്തിനിടെ 59പേരാണ് ഒമാനിൽ മരിച്ചത്. അതേസമയം, ഖത്തറിൽ രോഗമുക്തി നിരക്ക് 96 ശതമാനമാണ്. 

ഗൾഫിൽ ഏറ്റവും കൂടി രോഗമുക്തി നിരക്കും കുറഞ്ഞ മരണനിരക്കും ഖത്തറിലാണ്. യുഎഇയിൽ 47,000 പേർക്കുകൂടി പരിശോധന നടത്തിയടെ ജനസംഖ്യയുടെ പകുതിയോളം പേരുടെ കോവിഡ് പരിശോധന പൂർത്തിയായി. 7,314 പേരാണ് യുഎഇയിൽ ഇനി ചികിൽസയിലുള്ളത്. 86 ശതമാനമാണ് രോഗമുക്തി നിരക്ക്. ബഹ്റൈനിൽ 40 ശതമാനത്തിലധികംപേർക്കും കോവിഡ് പരിശോധന നടത്തി. കുവൈത്തിൽ 83ഉം ബഹ്റൈനിൽ 88 ശതമാനവുമാണ് രോഗമുക്തി നിരക്ക്