അമ്മയ്ക്ക് സുഖമില്ലെന്ന് അറിയിച്ചിട്ടും വിട്ടില്ല; ആടുജീവിതത്തിന്റെ ഓർമകളുമായി മുഹ്സിൻ

മരുഭൂമിയിലെ ‘ആടുജീവിത’ത്തിന്റെ പൊള്ളുന്ന ഓർമകളുമായി മുഹമ്മദ് മുഹ്സിൻ നാട്ടിലേക്ക്. ഒട്ടകങ്ങൾക്കു വെള്ളം കൊടുത്തും ആടുകളെ മേച്ചും പുറംലോകവുമായി ബന്ധമില്ലാതെ ഒരു വർഷത്തോളം കഴിഞ്ഞിരുന്ന മലപ്പുറം മിനാർകുഴി സ്വദേശി മുഹമ്മദ് മുഹ്സിൻ തനിക്കു രക്ഷകരായവരോടു നന്ദി പറഞ്ഞാണ് നാടിന്റെ കരുതലിലേക്കു മടങ്ങിയത്. കുവൈത്തിൽ എത്തിയ മുഹ്സിനു വീസയിൽ പറഞ്ഞ ജോലിയല്ല ലഭിച്ചത്. അതു കഴിയില്ലെന്നു പറഞ്ഞപ്പോൾ ആടുകളെ പരിപാലിക്കുന്ന ജോലിയിലേക്കു മാറ്റി.

ആടുകൾക്കുള്ള പുല്ല് വെട്ടി കെട്ടുകളാക്കി വയ്ക്കണം. അതു കൊണ്ടുപോകാനുള്ള വാഹനം രാത്രി ഏറെ വൈകിയാണ് എത്തുക. അതു കയറ്റി അയച്ചാലേ ഉറങ്ങാനാകൂ. ആഴ്ചകൾക്കു ശേഷം മരുഭൂമിയിലേക്കു കൊണ്ടുപോയി. അവിടെ അൻപതിലേറെ ആടുകൾ. അവയെ പരിപാലിക്കാൻ മുഹ്സിനും മറ്റൊരു സഹായിയും മാത്രം. കിടന്നുറങ്ങാൻ ഷീറ്റുകൊണ്ടു മറച്ച മുറി. വിശ്രമമില്ലാതെ കത്തുന്ന ചൂടിൽ ജോലി ചെയ്യുന്നതിനിടെ നാട്ടിലേക്കു മടങ്ങാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാസ്പോർട്ടിന്റെ പകർപ്പുപോലും നഷ്ടപ്പെട്ടു.

അതുമൂലമുള്ള സാങ്കേതിക പ്രശ്നങ്ങൾ വേറെയും. മാതാവിനു സുഖമില്ലെന്ന വിവരമറിയിച്ചിട്ടും മടങ്ങാനായില്ല. ഒടുവിൽ നാട്ടുകാരനായ ഇസ്ഹാഖുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കെഎംസിസി പ്രവർത്തകർ ഇടപെട്ടതാണു രക്ഷയായതെന്ന് മുഹ്സിൻ പറഞ്ഞു. കെഎംസിസി ഭാരവാഹികളായ മുജീബ് മൂടാൽ, സലാഹുദ്ദീൻ പട്ടിക്കാട്, ഷുക്കൂർ എടയാറ്റൂർ, റാഫി ആലിക്കൽ, ആബിദ് തങ്ങൾ,

റസാഖ് അയ്യൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണു പാസ്പോർട്ട് വിട്ടുകിട്ടാനും എംബസിയുമായി ബന്ധപ്പെട്ട് യാത്രാ നടപടികൾ പൂർത്തിയാക്കാനും ഇടപെടലുകൾ ഉണ്ടായത്. ഇവരുടെ സഹായത്തോടെ വന്ദേഭാരത് മിഷൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റ് നൽകി. ഇന്നലെ വൈകിട്ട് കുവൈത്തിൽനിന്നു കൊച്ചിയിൽ എത്തി.