‘ഞങ്ങൾ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും’; മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ്

‘ഞങ്ങൾ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും; ഇതാണ് ദുബായ്’– യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റേതാണ് ഈ ‘മാസ്’ ഡയലോഗ്. റൂട്ട് 2020യുടെ ഭാഗമായി ഏഴ് പുതിയ മെട്രോ സ്റ്റേഷനുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ അദ്ദേഹം ചെയ്ത ട്വീറ്റാണിത്.

ദുബായ് മെട്രോയുടെ ചുവപ്പു ലൈനിൽ സ്റ്റേഷനുകൾ വർധിപ്പിക്കുമെന്ന് 47 മാസം മുൻപ് താൻ പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി. 11 ബില്യൻ ദിർഹം ചെലവഴിച്ചാണ് പുതിയ സ്റ്റേഷനുകൾ തുറന്നത്. 12,000 എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ, 50 ട്രെയിനുകൾ, ഏഴ് സ്റ്റേഷനുകൾ എന്നിവ പദ്ധതിയിലുൾപ്പെടുന്നു. പ്രതിദിനം 125,000 പേർക്ക് സഞ്ചരിക്കാവുന്നതാണ്. തങ്ങൾ വാഗ്ദാനം പാലിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് മെട്രോയുടെ റെഡ് ലൈൻ ഷെയ്ഖ് മുഹമ്മദ് സന്ദർശിക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. റൂട്ട് 2020 യിലൂടെ ദുബായ് മറീനയിൽ നിന്ന് ദുബായ് എക്സ്പോ2020 സൈറ്റിലേയ്ക്ക് 16 മിനിറ്റുകൊണ്ട് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15 കി.മീറ്റർ വികസനം റെഡ് ലൈനിലെ നഖീൽ ഹാർബർ സ്റ്റേഷൻ, ടവർ സ്റ്റേഷൻ എന്നിവയെ എക്സ്പോ2020 സൈറ്റുമായി ബന്ധിപ്പിക്കും.

ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ഡിസ്കവറി ഗാർഡൻ, അൽ ഫർജാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് എന്നിവയിലൂടെയും കടന്നുപോകും. ലക്ഷക്കണക്കിന് എക്സ്പോ 2020 സന്ദർശകർക്ക് മാത്രമല്ല, യുഎഇയിൽ താമസിക്കുന്ന 270,000 പേർക്ക് കൂടി പദ്ധതി സഹായകമാകും. ഏഴ് സ്റ്റേഷനുകളിലെ സ്മാർട് ഫെയർ ഗേറ്റുകളിൽ ത്രി–ഡി ക്യാമറകളും സുരക്ഷാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.