കുവൈത്തിൽ റസിഡൻസി നിയമഭേദഗതി കരട് ബിൽ; ഇന്ത്യക്കാർ രാജ്യം വിടാൻ നിർബന്ധിതരാകും

കുവൈത്തിൽ എട്ടുലക്ഷത്തോളം ഇന്ത്യക്കാർ രാജ്യം വിടാൻ നിർബന്ധിതരായേക്കാവുന്ന റസിഡൻസി നിയമഭേദഗതിയുടെ കരട് ബിൽ ഭരണഘടനാപരമാണെന്ന് അധികൃതർ. കുവൈത്തിലെ പ്രവാസിജനസംഖ്യ കുറയ്ക്കാൻ ലക്ഷ്യമിടുന്ന കരട് ബില്ലിനാണ് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമാണ സമിതിയുടെ അംഗീകാരം. കരട് ബിൽ രണ്ടാഴ്ചക്കകം ദേശീയ അസംബ്ളിക്ക് സമർപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്രസർക്കാർ കണക്ക് പ്രകാരം 10,29,861 ഇന്ത്യക്കാരാണ് കുവൈത്തിൽ താമസിക്കുന്ന്.കുവൈത്ത് റസിഡൻസി നിയമഭേദഗതി പ്രാബല്യത്തിൽ വന്നാൽ എട്ടുലക്ഷത്തിലധികം ഇന്ത്യക്കാർ പുറത്തു പോകേണ്ടിവരും. അതായത് കുവൈത്ത് ജനസംഖ്യയുടെ 15 ശതമാനം ഇന്ത്യക്കാർക്ക് മാത്രമായിരിക്കും രാജ്യത്ത് തുടരാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ കരട് ബിൽ ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കകം ദേശീയ അസംബ്ലിക്ക് സമർപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലെഹ് പറഞ്ഞു. ഘട്ടം ഘട്ടമായി പ്രവാസികളുടെ എണ്ണത്തിൽ കുറവ് വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഘാനം വ്യക്തമാക്കി. ഒക്ടോബറോടെ നിയമഭേദഗതി പ്രാബല്യത്തിൽ വരുത്താനുള്ള നീക്കമാണ് നടക്കുന്നത്. കോവിഡിൻറെ തുടക്കത്തിൽ, രാജ്യത്തെ ഒട്ടേറെ നിയമവിദഗ്ധരും സർക്കാർ ഉന്നതോദ്യോഗസ്ഥരും കുവൈത്തിലെ വർധിച്ച പ്രവാസി സാന്നിധ്യത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു. രാജ്യത്തെ പ്രവാസികളുടെ എണ്ണം 70 %ത്തിൽ നിന്ന് 30% ആക്കണമെന്ന് കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് ആഹ്വാനം ചെയ്യുകയുമുണ്ടായി.