ഒമാനില്‍ പ്രവാസി മരണങ്ങള്‍ കൂടുന്നു; രോഗബാധിതരില്‍ 60% പ്രവാസികൾ

ഒമാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന പ്രവാസികള്‍ വര്‍ധിക്കുന്നു. രാജ്യത്ത് കോവിഡ് ബാധിതരില്‍ കൂടുതലും പ്രവാസികളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മരണപ്പെട്ടവരില്‍ 83 പേര്‍ പ്രവാസികളാണ്. ഇവരില്‍ ഒൻപത് മലയാളികളും ഉള്‍പ്പെടുന്നു. നിലവില്‍ 16,974 പ്രവാസികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,592 ഒമാന്‍ പൗരന്‍മാരും ഇതുവരെ രോഗബാധിതരായി. ആകെ കോവിഡ് ബാധിതരില്‍ 60 ശതമാനവും പ്രവാസികളാണ്.

അതേസമയം, 896 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 806 പേര്‍ രോഗമുക്തി നേടി. പുതുതായി കോവിഡ് ബാധിച്ചവരില്‍ 505 പേരും പ്രവാസികളാണ്. 391 ഒമാന്‍ പൗരന്‍മാരും. രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 14,780 ആയി.

വൈറസ് ബാധിതരായി മൂന്നുപേര്‍ കൂടി ഇന്നു മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 128 ആയി.  24 മണിക്കൂറിനിടെ 2, 448 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. പുതിയതായി 63 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്ത് ഹോസ്പിറ്റലൈസ് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 411 ആയി. ഇതില്‍ 99 പേര്‍ ഐസിയുവിലാണ്.