ചാർട്ടേഡ് വിമാനയാത്രികർക്ക് പരിശോധന നിർബന്ധം; പ്രവാസലോകം പ്രതിഷേധത്തിൽ

ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം. ഗൾഫിൽ കോവിഡ് പരിശോധന നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും ചെലവും സാധാരണ പ്രവാസികൾക്ക് മടങ്ങിവരവിന് തടസമാകും. പ്രവാസികളെ നാട്ടിലെത്തിക്കാതിരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഉത്തരവെന്നാണ് ആരോപണം.

ഇരുപതാം തീയതി മുതൽ ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധനാഫലമുള്ളവർക്ക് മാത്രം യാത്രാനുമതിയെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നത്. വന്ദേ ഭാരത് വിമാനയാത്രക്കാർക്ക് പോലും കോവിഡ് പരിശോധന നടത്താത്ത സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങൾക്ക് പരിശോധനാഫലം നിർബന്ധമാക്കിയതിനെതിരെയാണ് പ്രതിഷേധം. കോവിഡ് പരിശോധനയ്ക്ക് ഗൾഫിൽ സാമ്പത്തികച്ചെലവും കാലതാമസവും നേരിടുന്ന സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കണമെന്നാണ് പ്രവാസിസംഘടനകളടക്കം ആവശ്യപ്പെടുന്നത്.

സൗദിയില്‍ കോവിഡ് പരിശോധനാ ഫലം ലഭിക്കാൻ രണ്ട് മുതല്‍ എട്ട് ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ  48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധന ഫലം വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് പ്രായോഗികമല്ല. യുഎഇയിൽ 7000 രൂപയോളമാണ് കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. ഈ സാഹചര്യങ്ങൾ മനസിലാക്കി ഉത്തരവ് പിൻവലിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.