കോവിഡ് പ്രതിരോധം; ഒമാനിൽ മലയാളിയുടെ ആശുപത്രി സർക്കാരിന് നൽകി

ഒമാന്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തന്റെ ആശുപത്രി വിട്ടുനല്‍കി ഒമാന്‍ പൗരത്വമുള്ള മലയാളിയും. അല്‍ അദ്‌റക് കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടറായ കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടറാണ് അല്‍ അമിറാത്തില്‍ നിര്‍മാണം പൂര്‍ത്തിയായ തന്റെ ആശുപത്രി ആരോഗ്യ വകുപ്പിന് കൈമാറിയത്. ആരോഗ്യ മന്ത്രി അഹമദ് അല്‍ സഈദി ആശുപത്രി ഉദ്ഘാടനം ചെയ്തു.

ഐസൊലേഷനിലുള്ള രോഗികളെ പാര്‍പ്പിക്കാനാണ് ആശുപത്രി വിട്ടുനല്‍കുന്നതെന്ന് ഡോ. തോമസ് അലക്‌സാണ്ടര്‍ പറഞ്ഞു. ‘ആഡ് ലൈഫ്’ എന്ന പേരില്‍ ആറു നിലകളിലായി നിര്‍മിച്ച ആശുപത്രിയില്‍ 68 കിടക്കകളാണ് ഉള്ളത്. സമാനതകളില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാന്‍ കൈമെയ് മറന്നുള്ള പരിശ്രമത്തിലാണ് ഒമാന്‍. ഈ ശ്രമങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് ആശുപത്രി വിട്ടുനല്‍കുന്നതെന്ന് കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടര്‍ പറഞ്ഞു. 

വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് അടുത്തിടെ ഒമാന്‍ പൗരത്വം നല്‍കിയിരുന്നു. ജീവകാരുണ്യ മേഖലയില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ഡോ. തോമസ് അലക്‌സാണ്ടര്‍ ഒമാനിലും ഇന്ത്യയിലും ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. ഗാലയില്‍ യാക്കോബായ വിശ്വാസികള്‍ക്കായി ദേവാലയവും ഇദ്ദേഹം നിര്‍മിച്ചുനല്‍കിയിരുന്നു.