ആരും കനിഞ്ഞില്ല; ഭാര്യയെ അവസാനമായി കാണാൻ കഴിയാതെ പ്രവാസി

നാട്ടിൽ മരിച്ച ഭാര്യയെ അവസാനമായി ഒരു നോക്കു കാണാനാഗ്രഹിച്ച പാലക്കാടുകാരൻ പ്രവാസിക്ക് ഇന്നും നാട്ടിലേക്ക് മടങ്ങാനായില്ല. വെയ്റ്റിങ് ലിസ്റ്റിലായതിനാൽ ആരെങ്കിലും അവസാനനിമിഷം പിൻമാറിയാൽ മാത്രമായിരുന്നു വിജയകുമാറിന് യാത്രക്ക് അവസരം. രാവിലെ മുതൽ ദുബായ് വിമാനത്താവളത്തിൽ കാത്തിരുന്ന് ഒടുവിൽ സങ്കടത്തോടെയാണ് താമസയിടത്തേക്ക് മടങ്ങിയത്. അതേസമയം, പതിനാറാം തീയതി ഉറപ്പായും നാട്ടിലേക്കു മടങ്ങാനാകുമെന്ന് അധികൃതർ അറിയിച്ചു.

ഭാര്യ മരിച്ചതിനെത്തുടർന്ന് അടിയന്തിരമായി നാട്ടിലേക്കെത്തിക്കണമെന്നാവശ്യപ്പെട്ട് കരഞ്ഞ വിജയകുമാറിന് മുകളിലൂടെ കണ്ണൂരിലേക്കും മംഗലാപുരത്തേക്കുമുള്ള വിമാനങ്ങൾ പറന്നുയർന്നു. നിസഹായതയോടെ വിധിയെ പഴിച്ച് ദുബായ് വിമാനത്താവളത്തിനു മുന്നിലിരുന്നു തേങ്ങുകയായിരുന്നു ഈ പ്രവാസി. 

മരണാനന്തരകർമങ്ങൾക്കായി ദുബായിൽ നിന്ന് നാട്ടിലെത്താൻ എംബസിയുടേ സഹായം തേടിയെങ്കിലും അവസാനപട്ടികയിൽ ഇടം നേടിയില്ലെന്നായിരുന്നു പ്രതികരണം. കണ്ണൂരിന് പിന്നാലെ മംഗലാപുരം വിമാനത്തിലെങ്കിലും പോകാൻ ശ്രമിച്ചു. ആരെങ്കിലും സ്വയം ഒഴിയാൻ തയ്യാറായാൽ മാത്രമായിരുന്നു വെയ്റ്റിങ് ലിസ്റ്റിലുള്ള വിജയകുമാറിന് സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷേ, അങ്ങനെയൊരാൾ മുന്നോട്ടുവന്നില്ല. 

ഈ മാസം പതിനാറാം ദുബായിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലേക്ക് ടിക്കറ്റ് നൽകാമെന്നാണ് അധികൃതരുടെ ഉറപ്പ്. പക്ഷ, എപ്പോഴെത്തുമെന്ന് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന അമ്മയോടും വിട ചൊല്ലാൻ കാത്തിരിക്കുന്ന ഭാര്യയോടും എന്തു പറയണമെന്നറിയാതെ തേങ്ങുകയാണ് ഈ പാവം പ്രവാസി..