കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടവരെ ഇൻഡോറിലെത്തിച്ചു; ആശ്വാസം

കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട നാൽപ്പതോളം മലയാളികളുൾപ്പെടെ 224 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളിൽ ഇൻഡോറിലെത്തിച്ചു. കുവൈത്ത് സർക്കാർ സൗജന്യമായാണ് ഇവരെ കുവൈത്ത് എയർവെയ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചത്.  അതേസമയം, പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസർക്കാർ സാവകാശം തേടിയതായി കുവൈത്ത് വ്യക്തമാക്കി.

കുവൈത്തിലെ പ്രത്യേക കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന, നാടുകടത്തലിനു വിധേയരായ ഇന്ത്യക്കാരുമായി കുവൈത്ത് എയർവെയ്സിൻ‌റെ രണ്ട് വിമാ‍നങ്ങൾ മധ്യപ്രദേശിലെ ഇൻഡോറിലെത്തി. 117 വീതം യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ ഇരുപതോളം സ്ത്രീകളുമുണ്ട്. വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷയായാണ് നാടുകടത്തലിന് ഇവർ വിധേയരായത്. മുൻകാലങ്ങളിൽ സ്വന്തമായോ എംബസികളുടെ ചെലവിലോ ആണ് ഇത്തരത്തിലുള്ളവരെ നാട്ടിലേക്കെത്തിച്ചതെങ്കിൽ ഇത്തവണ കുവൈത്ത് സർക്കാരാണ് എല്ലാ ചെലവുകളും വഹിച്ചത്. നടപടിക്രമങ്ങൾ നേരത്തേ പൂർത്തിയായെങ്കിലും ലോക്ഡൌൺ കാരണമാണ് ഇന്ത്യയിലേക്കുള്ള യാത്ര വൈകിയത്. അതേസമയം, പൊതുമാപ്പ് നേടിയവരെ മടക്കിക്കൊണ്ടു പോകുന്നതിന് ഇന്ത്യ അടക്കം രാജ്യങ്ങൾ സാവകാശം തേടിയതായി കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ മുഹമ്മദ് അൽ സബാഹ് പറഞ്ഞു. ഇന്ത്യ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ലോക്ഡൌൺ കാരണമാണ് സാവകാശം തേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. നിലവിൽ പൊതുമാപ്പ് നേടിയ ആറായിരത്തിലധികം ഇന്ത്യക്കാരെ കുവൈത്ത് സർക്കാർ ചെലവിലാണ് പ്രത്യേക കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരിക്കുന്നത്. ഇവരെ സ്വന്തം ചെലവിൽ നാട്ടിലെത്തിക്കാമെന്നു കുവൈത്ത് നേരത്തേ അറിയിച്ചിരുന്നു.