കൊല്ലമ്മാൾ നാട്ടിലേയ്ക്ക് പറന്നു; പ്രിയതമന്റെ ചലനമറ്റ ശരീരവുമായി; കണ്ണീര്‍

ഫയൽ ചിത്രം

ചെന്നൈ സ്വദേശിനി വി.കൊല്ലമ്മാൾ(29) ഒഴിപ്പിക്കൽ വിമാനത്തിലൂടെ നാട്ടിലേയ്ക്ക് പറന്നത് പ്രിയതമന്റെ ചലനമറ്റ ശരീരവുമായി. ദുരിതപർവം താണ്ടിയ തൊഴിലാളികളും ജോലി നഷ്ടപ്പെട്ടവരും രോഗികളും സന്ദർശക വീസയിൽ ജോലിതേടി വന്ന് നിരാശയോടെ തിരിച്ചുപോകുന്നവരും നിറഞ്ഞ എയര്‍ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ്540 ചെന്നൈ വിമാനത്തിൽ കൊല്ലമ്മാളിന്റെ ദുഃഖഭാരം അളുവുകോലുകൾക്ക് അതീതമായിരുന്നു.

ഇവരുടെ ഭർത്താവ് റാസൽഖൈമയിലെ റാക് സിറാമിക്സ് സാനിറ്ററി വിഭാഗത്തിൽ സീനിയർ ക്വാളിറ്റി കൺട്രോൾ ഒാഫിസറായ  എൽ.എം. കുമാർ(35) ഹൃദയാഘാതം മൂലം ഏപ്രിൽ 13നാണ് അന്തരിച്ചത്. രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിന് ശേഷം, ആ മുഖം പ്രിയപ്പെട്ടവർക്ക് ഒരു നോക്ക് കാണാന്‍ വേണ്ടി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. 

കോവി‍ഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസ് ഇല്ലാത്തതിനാൽ കാത്തിരിക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. റാസൽഖൈമ ഗവ.ആശുപത്രി മോർച്ചറിയിൽ ഭർത്താവിന്റെ മൃതദേഹം മരവിച്ച് കിടക്കുമ്പോൾ ഒരു രാത്രി പോലും ഇൗ യുവതിക്ക് ശരിക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല. ഒടുവിൽ ചെന്നൈയിലേയ്ക്കുള്ള ആദ്യ വിമാനത്തിൽ തന്നെ മൃതദേഹം കൊണ്ടുപോകാൻ അവസരം ലഭിച്ചപ്പോൾ ഏറെ ആശ്വാസം തോന്നിയതായി കൊല്ലമ്മാൾ പറഞ്ഞു. 

ഇതിന് മുൻപൊരിക്കലും ഞാൻ ഒറ്റയ്ക്ക് വിമാന യാത്ര ചെയ്തിട്ടില്ല. ഏകയായുള്ള ആദ്യത്തെ വിമാനയാത്ര പക്ഷേ, ഇങ്ങനെയായത് വിധിയുടെ വിളയാട്ടമായിരിക്കാം. വിമാനത്താവളത്തിലും പിന്നീട് വിമാനത്തിലും കണ്ണീരടക്കാനാവാതെയാണ് ഇവർ യാത്ര ചെയ്തത്. ചെന്നൈയിലേയ്ക്ക് ഇന്നലെ പറന്ന 2 വിമാനങ്ങളിൽ ഇരുനൂറോളം തൊഴിലാളികൾ, 37 ഗർഭിണികള്‍, കുട്ടികൾ, ചികിത്സാർഥം യാത്ര തിരിച്ച 42 പേർ ഉൾപ്പെടെ 360 പേരാണ് യാത്ര ചെയ്തത്