25 നിര്‍ധന പ്രവാസികളുടെ വിമാന ചെലവ് വഹിക്കാം; പ്രധാനമന്ത്രിയോട് മലയാളി

ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകുന്ന 25 നിർധന പ്രവാസികളുടെ വിമാന യാത്രാ ചെലവ് വഹിക്കാൻ താൻ സന്നദ്ധനാണെന്ന് ഡോ. കെ.പി. ഹുസൈൻ. കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടും അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് തിരിച്ചെത്തിക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കുമായി ബന്ധപ്പെട്ടുള്ള സർ ചാർജുകളും നികുതികളും എഴുതിത്തള്ളാന്‍ ഇന്ത്യൻ പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച നിവേദനത്തിലാണ് ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ഡോ.ഹുസൈൻ ഇക്കാര്യം അറിയിച്ചത്. കൂടാതെ ശശി തരൂർ എംപിയെ പ്രശ്നങ്ങൾ ധരിപ്പിക്കുകയും ചെയ്തു. 

മടങ്ങിപ്പോകാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ഉയർന്ന വിമാന നിരക്കുകൾ വെല്ലുവിളിയാണ്. വിമാന കമ്പനികൾ അമിതമായി ഈടാക്കി വരുന്ന സർ ചാർജുകൾ ഒഴിവാക്കിയാൽ തന്നെ ടിക്കറ്റ് റേറ്റുകൾക്കു നല്ലൊരു ശതമാനം കുറവ് ഉണ്ടാവുകയും പ്രതിസന്ധി നേരിടുന്നവർക്ക് ആശ്വാസകമാവുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നുള്ള വിഹിതം എടുത്താൽ തന്നെ മടങ്ങിപ്പോക്കിന് ഉപകാരപ്രദമാകും വിധത്തിൽ വിനിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.