വിവരശേഖരണം തുടങ്ങി എംബസി ; ഖത്തറിലുള്ളത് നാലരലക്ഷത്തോളം മലയാളികൾ

ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം ദോഹയിലെ ഇന്ത്യൻ എംബസി തുടങ്ങി. കോവിഡ് പരിശോധന നടത്തിയിരുന്നോ എന്നതുൾപ്പെടെ പതിനഞ്ചു വിവരങ്ങളാണ് കൈമാറേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിർദേശപ്രകാരം ആദ്യമായാണ് ഒരു ഗൾഫ് രാജ്യത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയം ഔദ്യോഗികമായി വിവരശേഖരണം തുടങ്ങുന്നത്.

ഖത്തറിൽ നിന്നും ഇന്ത്യയിലേക്കു മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ തീരുമാനം നടപ്പാക്കുന്നതെന്നു ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നു. പേര്, വീസ, ജോലി, ഇന്ത്യയിലെ വീട്ടുവിവരങ്ങൾ, ഇന്ത്യയിലേക്കു മടങ്ങാനുള്ള കാരണം, കോവിഡ് പരിശോധന ഫലം, തുടങ്ങി പതിനഞ്ചു വിവരങ്ങളാണ് കൈമാറേണ്ടത്.  സ്വന്തം ചിലവിൽ പതിനാലു ദിവസം ക്വാറന്റീനിൽ കഴിയാമെന്ന സമ്മതം നൽകിയാണ് റജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഇന്ത്യ ഇൻ ഖത്തർ എന്ന ഔദ്യോഗിക ട്വിറ്റർ പേജിലെ ലിങ്ക് വഴി റജിസ്ട്രേഷൻ നടത്താം. 

ഫേസ്ബുക്കിലും വെബ്സൈറ്റിലും ഉടൻ ലിങ്ക് വിവരങ്ങൾ പ്രസിദ്ധീകരിക്കും. നിലവിൽ ഏഴു ലക്ഷത്തിഅൻപത്താറായിരം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ഇതിൽ നാലരലക്ഷത്തോളം പേർ മലയാളികളാണെന്നാണ് അനൌദ്യോഗിക കണക്ക്. അതേസമയം, ഇന്ത്യയിലേക്കു എന്നു പോകാൻ കഴിയും, വിമാനസർവീസ് എന്നു പുനരാരംഭിക്കും എന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ നിർദേശപ്രകാരം അറിയിക്കുമെന്നും എംബസി വ്യക്തമാക്കുന്നുണ്ട്. ആറു ഗൾഫ് രാജ്യങ്ങളിലുമായി 89,03,513  ഇന്ത്യക്കാരുണ്ടെന്നാണ് കേന്ദ്രസർക്കാർ കണക്ക്. ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യക്കാരുള്ള യുഎഇയിൽ 34,20,000 ഉം സൌദിയിൽ 25,94,947 പേരുമാണുള്ളത്. ഇതിൽ നാൽപ്പതു ശതമാനവും മലയാളികളാണെന്നാണ് അനൌദ്യോഗിക കണക്ക്.