കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഒരുദിവസം 14 മരണം: ആശങ്ക

കോവിഡ് ബാധിച്ചു യുഎഇയിൽ എട്ടും സൗദി അറേബ്യയിൽ ആറു പേരും കൂടി മരിച്ചു. ഇതോടെ ഗൾഫിലെ മരണസംഖ്യ ഇരുന്നൂറ്റിമുപ്പത്തിരണ്ടായി. ഇരുപത്തിനാലു മണിക്കൂറിനിടെ പതിനഞ്ചുപേരാണ് ഗൾഫിൽ മരിച്ചത്. 

യുഎഇയിൽ മുപ്പത്തിരണ്ടായിരത്തോളം പേരിൽ നടത്തിയ പരിശോധനയിൽ 525  പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9281 ആയി. 64  പേരാണ് മരിച്ചത്. 1760 പേർ സുഖം പ്രാപിച്ചു. സൌദിയിൽ കോവിഡ് ബാധിച്ചു ആറുപേർ കൂടി മരിച്ചു. മരണസംഖ്യ 127 ആയി. 12976 പേരാണ് ഇനി ചികിൽസയിലുള്ളത്. കുവൈത്തിൽ കോവിഡ് സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. 85 ഇന്ത്യക്കാർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരായ 2614 പേരിൽ 1395 പേരും ഇന്ത്യക്കാരാണ്. ബഹ്റൈനിൽ 1113 പേർ രോഗമുക്തി നേടി. 1385 പേരാണ് ഇനി ചികിൽസയിലുള്ളത്. ഒമാനിൽ ഒരു വിദേശി കൂടി മരിച്ചതോടെ ആകെ മരണം ഒൻപതായി. 1790 പേരാണ് രോഗബാധിതർ. ഖത്തറിൽ 761 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 7706 പേർ ഇനി ചികിൽസയിലുണ്ട്. ആറു ഗൾഫ് രാജ്യങ്ങളിലുമായി മുപ്പത്തൊൻപതിനായിരത്തി അഞ്ഞൂറിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.