കോവിഡ് 19; യുഎഇയിൽ രണ്ട് മരണം കൂടി

യുഎഇയിൽ കോവിഡ് 19 ബാധിച്ചു രണ്ടു പേർകൂടി മരിച്ചു. ഇതോടെ ഗൾഫിലെ ആകെ മരണസംഖ്യ പതിനെട്ടായി. സൌദിയിൽ നൂറ്റിഅൻപത്തിനാലു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി. അറബ്, ഏഷ്യൻ വംശജരാണ് ഇരുപത്തിനാലു മണിക്കൂറിനിടെ മരിച്ചതെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. 41 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം അറുന്നൂറ്റിപതിനൊന്നായി. സൌദിയിൽ രോഗബാധിതരുടെ എണ്ണം 1453 ആയി.115പേർ രോഗമുക്തി നേടി. നിയമലംഘകർക്കടക്കം എല്ലാവർക്കും സൌജന്യ കോവിഡ് ചികിൽസ ഉറപ്പാക്കണമെന്നു സൌദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശിച്ചു. കുവൈത്തിൽ എട്ടു ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി. 266 പേരാണ് ആകെ രോഗബാധിതർ. ബഹ്റൈനിൽ 279പേർ രോഗമുക്തി നേടി. 232 പേരാണ് ചികിൽസയിലുള്ളത്. അതേസമയം, കോവിഡ്19 ൻറെ പശ്ചാത്തലത്തിൽ  അബുദാബി കിരീടാവകാശി യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഫ്രാൻസിസ് മാർപാപ്പയുമായി ഫോണിൽ ചർച്ച നടത്തി.

മഹാമാരിയെ പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ചു നിൽക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചായിരുന്നു ചർച്ചയെന്നു ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ദുബായിൽ പാർക്കിങ് രണ്ടാഴ്ചത്തേയ്ക്ക് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോര്‍ട് അതോറിറ്റി അറിയിച്ചു. യുഎഇയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഈ അക്കാദമിക വർഷം അവാസനിക്കും വരെ ഇ ലേണിങ് സംവിധാനം തുടരുമെന്നു വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.