കോവിഡ് 19; സൗദിയിൽ നാലും യുഎഇയിൽ ഒരാളും കൂടി മരിച്ചു

കോവിഡ്19 ബാധിച്ചു സൗദിയിൽ നാലും യുഎഇയിൽ ഒരാളും കൂടി മരിച്ചു. ഇതോടെ സൌദിയിലെ മരണസംഖ്യ എട്ടായി. യുഎഇയിൽ മുപ്പതും കുവൈത്തിൽ ഒൻപതും ഇന്ത്യക്കാർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.

ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനഞ്ചായി. സൌദിയിൽ 96 പേർക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1299 ആയി. 66 പേർ രോഗമുക്തി നേടി. കുവൈത്തിൽ ഒൻപതു ഇന്ത്യക്കാരടക്കം 20 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെരോഗബാധിതർ 255. ബഹ്റൈനിൽ 272 പേർ സുഖം പ്രാപിച്ചു. 223 പേരാണ് ഇനി ചികിൽസയിലുള്ളത്. ഒമാനിൽ  15  പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 167ആയി. അതേസമയം, ദുബായ് നായിഫിലെ താമസസ്ഥലങ്ങളിൽ എല്ലാവരുടേയും ആരോഗ്യപരിശോധന  തുടരുകയാണ്. ദുബായ് ഹെൽത്ത് അതോറിറ്റിയുടേയും ദുബായ് പൊലീസിൻറേയും നിർദേശപ്രകാരം ആസ്റ്റർ ക്ളിനിക്കിലെ 40 അംഗ മെഡിക്കൽ സംഘമാണ് ആരോഗ്യപരിശോധന നടത്തുന്നത്. എഴുന്നൂറിലധികം പേർക്കാണ് നായിഫിലെ അഞ്ചു മേഖലയിലായി ഇതുവരെ പരിശോധനനടത്തിയത്. 

അതേസമയം, വാഹനത്തിൽ ഇരുന്നു അഞ്ചു മിനിറ്റിനകം കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനം അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വയം പരിശോധനയ്ക്കു വിധേയമായി കേന്ദ്രം ഉദ്ഘാടനം ചെയ്തു. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ആഴ്ചയിൽ എല്ലാ ദിവസവും കേന്ദ്രം പ്രവർത്തിക്കും. ദിവസേന 600 പേരുടെ സ്രവം പരിശോധിക്കാനാകും.