32 ടൺ വൈദ്യസഹായവസ്തുക്കൾ കയറ്റിയയച്ചു; ഇറാന് സഹായവുമായി യുഎഇ

കോവിഡ് ദുരന്തം വിതയ്ക്കുന്ന ഇറാന് സഹായവുമായി യുഎഇ. മാസ്കുകളടക്കം മുപ്പത്തിരണ്ടു ടൺ വൈദ്യസഹായവസ്തുക്കൾ ഇറാനിലേക്ക് കയറ്റിയയച്ചു. യുഎഇയുടെ ഇടപെടലിനു ലോകാരോഗ്യസംഘടന നന്ദി അറിയിച്ചു. 

കോവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള ഇറാൻറെ ശ്രമങ്ങൾക്കു സഹായമായാണ് യുഎഇയുടെ ഇടപെടൽ. അത്യാധുനിക ഗ്ളൌസുകൾ, ശസ്ത്രക്രിയ മാസ്കുകൾ, ആരോഗ്യമേഖലയിലുള്ലവർക്കുള്ള സംരക്ഷണ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 32 ടൺ സാധനങ്ങളാണ് അബുദാബിയിൽ നിന്നും രണ്ടു വിമാനങ്ങളിലായി കയറ്റിഅയച്ചത്. 

ഇതു രണ്ടാം തവണയാണ് യുഎഇ ഇറാനു സഹായമെത്തിക്കുന്നത്. ഈ മാസം മൂന്നിനു മെഡിക്കൽ ഉപകരണങ്ങളടക്കം ഏഴര ടൺ വസ്തുക്കൾ കൈമാറിയിരുന്നു. ദുരിതങ്ങളനുഭവിക്കുന്നവർക്കു സഹായമെത്തിക്കുന്നത് പൊതുനന്മയ്ക്കാവശ്യമാണെന്ന യുഎഇയുടെ വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ് സഹായമെന്നു രാജ്യാന്തരസഹകരണ മന്ത്രി റീമ ബിന്ത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.

കോവിഡ് 19 പരിശോധനയ്ക്കുള്ള 20,000 യൂണിറ്റുകൾ അഫ്ഗാനിസ്ഥാനിലേക്കും യുഎഇ കയറ്റി അയച്ചിരുന്നു. ചൈനയിലെ വുഹാനിൽ സ്ഥിതി ആശങ്കാജനകമായപ്പോൾ മാസ്കുകളും ഗ്ളൌസുകളും കൈമാറുകയും ചെയ്തു. ഒപ്പം വുഹാനിൽ നിന്നും വിവിധ രാജ്യക്കാരായ 215 പേരെ പ്രത്യേക വിമാനത്തിൽ അബുദാബിയിലെത്തിച്ചു പ്രത്യേക ചികിൽസാസൌകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം, ഇറാനുള്ള സഹായത്തിനു ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറൽ ടെഡ്രോസ് ആദാനം യുഎഇക്കും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നന്ദി അറിയിച്ചു.