കോവി‍ഡ് 19; കുവൈത്തിൽ രണ്ടാഴ്ചത്തെ പൊതുഅവധി തുടങ്ങി

കുവൈത്തിൽ കോവിഡ് 19 പ്രതിരോധത്തിൻറെ ഭാഗമായുള്ള രണ്ടാഴ്ചത്തെ പൊതുഅവധി തുടങ്ങി. സൂപ്പർമാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ, ബാങ്കുകൾ അടക്കമുള്ള സേവനങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. അതേസമയം, കുവൈത്ത് സ്കൂളുകളിലെ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിവച്ചു.

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ച് യാത്രാവിമാനസർവീസുകൾ റദ്ദാക്കിയതോടെ സമൂഹമാധ്യമങ്ങളിൽ ആശങ്കപടർന്നിരുന്നു. എന്നാൽ, യാതൊരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നു വ്യക്തമാക്കുന്നതാണ് അവധിയുടെ ആദ്യദിനത്തിലെ കാഴ്ചകൾ. റസ്റ്ററൻ‌റുകൾ തുറക്കില്ലെന്നായിരുന്നു നിർദേശമെങ്കിലും  പാർസലും ഹോം ഡലിവറിയും അനുവദിച്ചിട്ടുണ്ട്. കഫെകൾ അടഞ്ഞുകിടക്കുന്നു.സൂപ്പർമാർക്കറ്റുകളും ബഖാലകളും തുറന്നതിനാൽ ഭക്ഷ്യവസ്തുക്കളടക്കം ലഭിക്കുന്നതിന് ബുദ്ധിമുട്ടുകളില്ല. പെട്രോൾ പമ്പുകൾ, പാചകവാതക സ്റ്റേഷനുകൾ, ജം‌ഇയ്യകൾ (സഹകരണ സ്ഥാപനങ്ങൾ) എന്നിവയ്ക്ക് പൊതു അവധി ബാധകമാക്കിയിട്ടില്ല. ആറു ഗവർണറേറ്റുകളിലും എല്ലാ ബാങ്കുകളുടെയും ഓരോ ശാഖകൾ പ്രവർത്തിക്കുന്നു. എടി‌എം,ഓൺ‌ലൈൻ ബാങ്കിങ് സേവനവും സജ്ജമാണ്.  അതേസമയം, കുവൈത്ത് സ്കൂളുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ തീയതി പിന്നീട് അറിയിക്കും.  പരിഭ്രാന്തി പരത്തുംവിധം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് വാർത്താവിതരണമന്ത്രി മുഹമ്മദ് അൽ ജാബ്രി മുന്നറിയിപ്പ് നൽകി.

കുവൈത്തിൽ ഇന്നു എട്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം എൺപതായി. ഇതിൽ അഞ്ചുപേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു