15കാരിയെ ചതിച്ച് ദുബായിൽ എത്തിച്ചു; മസാജ് സെന്ററിൽ പീഡനം; പിന്നിൽ ‘ആന്റി’

15 വയസ്സുള്ള പെൺകുട്ടിയെ ചതിച്ച് ദുബായിൽ എത്തിക്കുകയും മസാജ് സെന്ററിൽ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസ് കോടതിയിൽ. ദുബായ് പ്രാഥമിക കോടതിയാണ് ബംഗ്ലദേശ് സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പരിഗണിക്കുന്നത്. 36 വയസ്സുള്ള ബംഗ്ലദേശ് സ്വദേശിയാണ് പ്രതി. ഇയാൾ സോഡയിൽ മദ്യ കലർത്തി പെൺകുട്ടിക്ക് നൽകിയാണ് പീഡനത്തിന് ഇരയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം പെൺകുട്ടിയുടെ അമ്മായി ആണ് ഇവരെ യുഎഇയിൽ കൊണ്ടുവന്നത്. തുടർന്ന് മസാജ് സെന്ററിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. 

മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കിൽ വീട്ടുതടങ്കലിൽ ഇടുമെന്നും തിരികെ നാട്ടിലേക്ക് പറഞ്ഞുവിടുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് കോടതി രേഖകളിൽ പറയുന്നത്. ‘പ്രതിയായ വ്യക്തിയെ അമ്മായി ആണ് പരിചയപ്പെടുത്തിയത്. അയാൾക്ക് എന്നോട് സ്നേഹമാണെന്ന് പറഞ്ഞു. എന്നാൽ അയാളുമായി ബന്ധത്തിന് എനിക്ക് താൽപര്യമില്ലായിരുന്നു. പക്ഷേ, എന്നെ നിർബന്ധിച്ച് ഒരു നിശാക്ലബിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് എനിക്കൊരു സോഡ തന്നു. അതിൽ മദ്യം ചേർത്തിരുന്നുവെന്ന് അറിയില്ലായിരുന്നു. സോഡ കഴിച്ച ശേഷം എനിക്ക് ബാലൻസ് നഷ്ടമാകാൻ തുടങ്ങി. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. പിന്നീട് ഞാൻ എണിക്കുമ്പോൾ അയാളുടെ മുറിയിലാണ്’– ഇരയായ പെൺകുട്ടി മൊഴിയിൽ പറഞ്ഞു.

പിന്നീടാണ് 36 വയസ്സുള്ള ബംഗ്ലദേശ് പൗരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. ഇയാളുമായി തുടർന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അയാൾക്കൊപ്പം നിൽക്കുകയും ചെയ്താൽ പഠിക്കാൻ ആവശ്യമായ പണം അയാൾ നൽകുമെന്നും അമ്മായി പറഞ്ഞു. ഒരു മാസത്തിനുശേഷം അമ്മായിയെ പെൺവാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ സമയത്താണ് ഇരയായ പെൺകുട്ടി പ്രതിയിൽ നിന്നും രക്ഷപ്പെട്ടത്. പ്രതിയായ ബംഗ്ലദേശ് പൗരൻ തന്നെ മസാജ് സെന്ററിൽ ഉപയോഗിച്ചിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. അയാൾ ഭക്ഷണവും വെള്ളവും നൽകാതെ കഷ്ടപ്പെടുത്തി. ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. 

അമ്മായി ജയിലിൽ ആയ ശേഷം 2019 ഓഗസ്റ്റിൽ പ്രതി പെൺകുട്ടിയെയും കൊണ്ട് മറ്റൊരു മസാജ് സെന്ററിലേക്ക് പോയി. ഇവിടെ വച്ച് സ്വദേശിയായ ഒരു യുവതിയെ പെൺകുട്ടി പരിചയപ്പെട്ടു. തന്റെ ശരീരത്തിലെ മുറിവുകൾ കാണിച്ചു കൊടുക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തു. ആ സ്വദേശി യുവതിയാണ് പെൺകുട്ടിയെ രക്ഷപ്പെടാൻ സഹായിച്ചത്. അൽ ഖ്വയ്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് എത്തി രക്ഷിക്കുകയുമായിരുന്നു. ദുബായ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ അഭ്യർഥിച്ചു. കേസിൽ മാർച്ച് 19ന് വീണ്ടും വാദം നടക്കും.