അറുപതുകോടി രൂപ തട്ടിയ സൈബർ തട്ടിപ്പു സംഘം ദുബായിൽ പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് പതിനെട്ടു രാജ്യങ്ങളിൽ നിന്നും അറുപതുകോടി രൂപ തട്ടിയ സൈബർ തട്ടിപ്പു സംഘം ദുബായിൽ പിടിയിൽ. സൈബർ തട്ടിപ്പിലെ വമ്പൻമാരായ ഒൻപതംഗ ആഫ്രിക്കൻ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആയിരത്തിഒരുന്നൂറ്റിഇരുപത്താറു ക്രെഡിറ്റ് കാർഡുകളും പൊലീസ് പിടിച്ചെടുത്തു.

 ഫോക്സ് ഹണ്ട് എന്ന ഓപ്പറേഷനിലൂടെയാണ് ഒൻപതംഗ ആഫ്രിക്കൻ സൈബർ തട്ടിപ്പു സംഘത്തെ പൊലീസ് വലയിലാക്കിയത്.  ജോലി വാഗ്ദാനം ചെയ്ത് 18 രാജ്യങ്ങളിലായി 81 തട്ടിപ്പുകളാണ് ഇവർ നടപ്പാക്കിയത്.  64 ദശലക്ഷം ദിർഹമുണ്ടായിരുന്ന 1126 ക്രെഡിറ്റ് കാർഡുകൾ പ്രതികളുടെ കൈയിൽ നിന്ന് കണ്ടെടുത്തതായും തുക പിൻവലിക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ദുബായ് പൊലീസ് ഇ–ഇൻവെസ്റ്റിഗേഷൻസ് ഡെപ്യുട്ടി ഡയറക്ടർ ക്യാപ്റ്റൻ അബ്ദുല്ല അൽ ഷെഹി പറഞ്ഞു. തട്ടിപ്പിനായി എട്ട് ലക്ഷം ഇമെയിലുകളാണ് സംഘം ഉപയോഗിച്ചത്.  ലാപ് ടോപുകൾ, മൊബൈൽ ഫോണുകൾ, വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡുകൾ, മറ്റു പണമിടപാടു രേഖകൾ, വ്യാജ ഇമെയിൽ അക്കൗണ്ടു വിവരങ്ങൾ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.  ജോലി വാഗ്ദാനം ചെയ്തുള്ള ഇ മെയിലുകൾ അയച്ചാണ് തട്ടിപ്പുകാർ ഇരകളെ വീഴ്ത്തിയിരുന്നത്. ജോലി ലഭിക്കാൻ വൻ തുക ആവശ്യപ്പെടുകയായിരുന്നു പതിവ്. പരാതികൾ ലഭിച്ചതനുസരിച്ച് ദുബായ് പൊലീസ് സിഐഡി വിഭാഗം പ്രത്യേക സംഘം രൂപീകരിച്ച് ഫോക്സ് ഹണ്ട് എന്ന പേരിൽ ഓപ്പറേഷൻ ആസൂത്രണം ചെയ്താണ് സംഘത്തെ കുടുക്കിയത്.