ഇനി ക്ലിനിക്കുകളുടെ നടത്തിപ്പ് സ്വദേശി ഡോക്ടർക്ക്; സൗദിയിലെ സ്വദേശിവൽക്കരണം

സൗദിയില്‍ ക്ലിനിക്കുകളുടെയും ഡിസ്‌പെന്‍സറികളുടെയും നടത്തിപ്പ് ചുമതല സ്വദേശി ഡോക്ടർക്കു മാത്രമായിരിക്കണമെന്ന നിയമഭേദഗതി നിലവിൽ വന്നു. പൂർണസമയ ജീവനക്കാരനായിരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. നിയമഭേദഗതിക്കു സൗദി മന്ത്രിസഭ അംഗീകാരം നൽകി.

സൗദി ആരോഗ്യമേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിൻറെ ഭാഗമായാണ് നിയമഭേദഗതി നിലവിൽവരുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം നിയമഭേദഗതിക്കു അംഗീകാരം നൽകി. കഴിഞ്ഞ മാസം ഒൻപതിനു ചേർന്ന ശൂറാ കൗൺസിൽ ഈ ഭേദഗതിക്കു പ്രാഥമിക അംഗീകാരം നൽകിയിരുന്നു. 

ആരോഗ്യ കേന്ദ്രം ഏത് സ്പെഷ്യലൈസേഷനിലുള്ളതാണോ അതേ സ്പെഷ്യലൈസേഷൻ ബിരുദമുള്ള മുഴുസമയ ജീവനക്കാരനായ സ്വദേശി ഡോക്ടറായിരിക്കണം ആരോഗ്യ കേന്ദ്രത്തിൻറെ ഉടമ എന്നതാണ് നിയമം അനുശാസിക്കുന്നത്. രാജ്യത്ത് നിലവിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നിയമാവലിയിലെ അനുഛേദം രണ്ടില്‍ ഖണ്ഡിക രണ്ടാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. അതേസമയം, നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയുള്ള ശിക്ഷാനടപടിയെന്താണെന്നു വ്യക്തമാക്കിയിട്ടില്ല.