ലോകകപ്പിന് തയാറായി ഖത്തർ; നല്ല നടത്തിപ്പിന് സുസ്ഥിര നയം

രണ്ടായിരത്തിഇരുപത്തിരണ്ടിലെ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിൻറെ വിജയത്തിനായി ആതിഥേയരായ ഖത്തറും ഫിഫയും ചേർന്നു സംയുക്ത സുസ്ഥിര നയം പ്രഖ്യാപിച്ചു. ലോകകപ്പ് എല്ലാതലത്തിലും വിജയകരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഞ്ച് മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന നയം പ്രഖ്യാപിച്ചത്.

2022 ൽ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിനു മുന്നോടിയായാണ് സംഘാടകരായ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയും ഫിഫയും ചേർന്നു  സുസ്ഥിര നയം പ്രഖ്യാപിച്ചത്. ലോകകപ്പിന്‍റെ നിര്‍മ്മാണ പ്രവർത്തികളിലേർപ്പെടുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുക, ലോകകപ്പ് കാണാനെത്തുന്നവർക്കു ഏറ്റവും മികച്ച കാഴ്ച ഒരുക്കുക, സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുക, ടൂർണമെൻറ് പരിസ്ഥിതി സൌഹാർദപരമായിരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുക, നല്ല നടത്തിപ്പും ധാർമികതയുള്ള വാണിജ്യരീതികളും നടപ്പാക്കുക തുടങ്ങിയവയാണ് അഞ്ച് പ്രഖ്യാപിത ലക്ഷ്യങ്ങൾ. 

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന നയം അനുസരിച്ച് തൊഴിലാളി ക്ഷേമം, പരിസ്ഥിതി സംരക്ഷണം, വിവേചനമില്ലായ്മ തുടങ്ങിയവ ഉറപ്പുവരുത്തിയാണ് ലോകകകപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതെന്നു ഫിഫ സെക്രട്ടറി ജനറൽ ഫാത്തിമ സമൌറ പറഞ്ഞു. ഖത്തറിനും അറബ് ലോകത്തിനും ദീർഘനാളത്തേക്കുള്ള സുസ്ഥിരമായ മാറ്റം കൊണ്ടുവരുന്നതിനു ടൂർണമെൻറ് സഹായകരമാകുമെന്നു ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിന് ചെയര്‍മാന്‍ ഹസന്‍ അല്‍ തവാദി വ്യക്തമാക്കി. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് ഫുട്ബോളിനു ഖത്തർ വേദിയാകുന്നത്.