നഷ്ടമായത് ഇന്ത്യയുടെ ഉറ്റ സുഹൃത്തിനെയെന്ന് മോദി; ആദരാഞ്ജലി അർപ്പിച്ച് ലോക നേതാക്കൾ

ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദിൻറെ മരണത്തിൽ അനുശോചിച്ച് ലോകനേതാക്കൾ. സുൽത്താൻ ഖാബൂസ് ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മലയാളികൾ അടക്കമുള്ള പ്രവാസിസമൂഹത്തിനു സംരക്ഷണം ഉറപ്പാക്കാൻ ശ്രദ്ധിച്ചിരുന്ന ഭരണാധികാരിയാണ് വിടപറയുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

അറബ് ലോകത്തെ സമാധാനപ്രിയനായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദിൻറെ നിര്യാണത്തിൽ ലോകരാഷ്ട്ര നേതാക്കൾ അനുശോചിച്ചു. ഇന്ത്യ ഒമാൻ ബന്ധം മെച്ചപ്പെടുത്തുന്നതിനു ഊർജസ്വലമായ നേതൃത്വം നൽകിയ ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മേഖലയിലും ലോകത്തിലും സമാധാനം നിലനിർത്താൻ പരിശ്രമിച്ച വ്യക്തിയായിരുന്നു സുൽത്താനെന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുസ്മരിച്ചു. 

വിശ്വസ്തതയുടേയും സ്നേഹത്തിൻറേയും ജ്ഞാനത്തിൻറേയും വ്യക്തിത്വമായിരുന്നു സുൽത്താൻ ഖാബൂസിൻറേതെന്നു യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. ബുദ്ധിമാനായ ഭരണാധികാരിയെയാണ് അറബ് ലോകത്തിനു നഷ്ടമായിരിക്കുന്നതെന്നു യുഎഇ ഉപസർവ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്ചു. യുഎഇ, ബഹ്റൈൻ, കുവൈത്ത് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സൌദി, കുവൈത്ത്, ബ്രിട്ടൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും സുൽത്താൻറെ മരണത്തിൽ അനുശോചനം അറിയിച്ചു.