ദുബായിയുടെ 50 വർഷത്തെ വികസനം; പ്രത്യേക സിമിതിയെ നിയോഗിച്ചു

ദുബായുടെ അൻപതു വർഷത്തേക്കുള്ള വളർച്ച ലക്ഷ്യമിട്ടു ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രത്യേക സമിതിയെ നിയോഗിച്ചു. അടിസ്ഥാനസൌകര്യ വികസനം അടക്കമുള്ള ആറു മേഖലകളിലായിരിക്കും സമിതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഷെയ്ഖ് മുഹമ്മദിൻറെ നേതൃത്വത്തിലായിരിക്കും  സമിതിയുടെ പ്രവർത്തനം.

ദുബായ് ഭരണാധികാരിയായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സ്ഥാനമേറ്റതിൻറെ പതിനാലാം വാർഷികത്തിലാണ് ദുബായ് കൌൺസിൽ രൂപീകരിക്കുന്നത്. ദുബായിലെ പൌരൻമാർക്കും താമസക്കാർക്കും സന്ദർശകർക്കുമായി തയ്യാറാക്കിയ പ്രത്യേക കത്തിലാണ് കൌൺസിൽ രൂപീകരണത്തെക്കുറിച്ചു പറയുന്നത്. ദുബായുടെ സാമ്പത്തികവികസനം, പൌരൻമാർക്കുള്ള സേനം, സർക്കാരിൻറെ കാര്യക്ഷമത, അടിസ്ഥാന സൌകര്യവികസനം, സുരക്ഷയും നീതിയും, ആരോഗ്യവും വിജ്ഞാനവും എന്നീ മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും സമിതിയുടെ പ്രവർത്തനം. 

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമായിരിക്കും കൌൺസിലിനു നേതൃത്വം വഹിക്കുന്നത്. ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദും ഉപഭരണാധികാരി മക്തും ബിൻ മുഹമ്മദും രണ്ടും മൂന്നും സ്ഥാനങ്ങൾ വഹിക്കും. അൻപതു വർഷത്തേക്കുള്ള വികസന നിർദേശങ്ങൾ നൽകാനും അത് പ്രാവർത്തികമാക്കാനും കൌൺസിൽ മുൻകൈയെടുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് കത്തിൽ വ്യക്തമാക്കുന്നു. സർക്കാർ അർധസർക്കാർ കമ്പനികൾക്കു ആഗോള സാമ്പത്തികസാഹചര്യത്തിനനുസരിച്ചുള്ള നിർദേശങ്ങളും കൌൺസിൽ കൈമാറും. ഓരോ മേഖലയ്ക്കും സർക്കാർ സ്വകാര്യ രംഗങ്ങളിൽ നിന്നുള്ള ഏഴു വീതം ഉപദേശകസമിതി ഉണ്ടായിരിക്കും. മാസത്തിലൊരിക്കൽ സമിതി യോഗം ചേരണമെന്നും ദുബായ് ഭരണാധികാരി നിർദേശിക്കുന്നു.