'ഞാൻ മരിച്ചാൽ ഈ പടം നീ പോസ്റ്റ് ചെയ്യണം'; നന്തി പറഞ്ഞതു പോലെ.. വിതുമ്പി സുഹൃത്തുക്കൾ

പിറന്നാൾ ആഘോഷത്തിന് രണ്ട് ദിവസം മുമ്പ് തങ്ങളുടെ പ്രിയപ്പെട്ട നന്തി വിടപറയുമെന്ന് സുഹൃത്തുക്കൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. പക്ഷേ മരണത്തെ അടുത്തറിഞ്ഞതു പോലെ ആയിരുന്നു ആ ദിവസങ്ങളിൽ നന്തിയുടെ വാക്കുകളെന്ന് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പെടുത്ത ഫോട്ടോ കാണിച്ച് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയോടും നന്തി അക്കാര്യം സൂചിപിച്ചു.' ഇതുപോലൊരു പടം ഇനി കിട്ടുമെന്ന് തോന്നുന്നില്ല. ഞാൻ മരിച്ചാൽ ഇതുവേണം നീ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ' എന്നായിരുന്നു നന്തി നാസർ പറഞ്ഞത്. 

1958 ജനുവരി ഒന്നിനായിരുന്നു പ്രവാസികൾ സ്നേഹത്തോടെ നന്തിയെന്ന് വിളിക്കുന്ന അബ്ദുൽ നാസർ ജനിച്ചത്. ഉറ്റവരും ഉടയവരുമില്ലാത്തവർക്ക് നന്തിയുണ്ടെന്നും മരിച്ചവരുടെ കാര്യം നോക്കാൻ നന്തിയുണ്ടെന്നും പ്രവാസികൾ സ്നേഹവായ്പുകളോടെ പറഞ്ഞിരുന്നു. അശരണർക്കായുള്ള നന്തിയുടെ കരുതലിനും സ്നേഹത്തിനും സുഹൃത്തുക്കൾ സാക്ഷിയാണ്. 

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നന്തി നാസറിനെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.