യുഎഇയിൽ നിർമിത ബുദ്ധി ലാബോററ്ററിയുള്ള ആദ്യ സ്കൂളായി അജ്മാനിലെ അൽ തല്ല ഹാബിറ്റാറ്റ് സ്കൂൾ. നിർമിത ബുദ്ധി പ്രോഗ്രാമിലൂടെ നിർമിച്ച റൊബോട്ടാണ് ലാബ് ഉദ്ഘാടനം ചെയ്തത്. നിർമിത ബുദ്ധി സാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്ന യുഎഇ ഗവൺമെൻറിൻറെ ലക്ഷ്യം പിൻതുടർന്നാണ് ഹാബിറ്റാറ്റ് സ്കൂളിൽ ലാബ് ആരംഭിച്ചത്.
ഭാവി രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യയായ നിർമിത ബുദ്ധിയിൽ വിദ്യാർഥികളെ നിപുണരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അജ്മാനിലെ അൽ തല്ല ഹാബിറ്റാറ്റ് സ്കൂളിൽ പ്രത്യേക ലാബ് ഉദ്ഘാടനം ചെയ്തത്. നിർമിത ബുദ്ധി പ്രോഗ്രാമിലൂടെ നിർമിച്ച ഐ ഹാബ് എന്ന റൊബോട്ടായിരുന്നു ഉദ്ഘാടനദിവസത്തിലെ താരം. ഹാബിറ്റാറ്റ് സ്കൂളിൽ രണ്ടാം ക്ളാസ് മുതൽ പാഠ്യ പദ്ധതിയിൽ നിർമിത ബുദ്ധി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഗ്രേഡ് മുതലുള്ള വിദ്യാർഥികൾക്കു പ്രോഗ്രാമിങ് പരിശീലനം നൽകാൻ 2014 ൽ സ്ഥാപിച്ച സൈബർ സ്ക്വയർ ആണ് നിർമിത ബുദ്ധി ലാബ് ആയി നവീകരിച്ചതെന്നു ഹാബിറ്റാറ്റ് സ്കൂൾ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു. ലോകത്ത് നിർമിത ബുദ്ധിക്കു മാത്രമായി മന്ത്രാലയമുള്ള രാജ്യമാണ് യുഎഇ. ഒപ്പം ലോകത്തെ ആദ്യ നിർമിത ബുദ്ധി സർവകലാശാലയും പ്രവർത്തിക്കുന്നുണ്ട്. യുഎഇ ഭരണകൂടത്തിൻറെ നവീന കാഴ്ചപ്പാടുകൾ പിന്തുടരുന്നതിൻറെ ഭാഗമായാണ് സ്കൂളിലെ പദ്ധതിയെന്നു ഷെയ്ഖ് സുൽത്താൻ നുഐമി വ്യക്തമാക്കി. സാങ്കേതിക വിദ്യകളെ അടുത്തറിയാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഹാബിറ്റാറ്റ് സ്കൂളിലെ ഡിജിറ്റൽ ഫെസ്റ്റിൻറെ അടുത്ത ഘട്ടം അടുത്തമാസം 26 ന് തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.