രാജകീയം വാഹനങ്ങൾ, സ്വർണം പൂശി മലയാളി; പോറ്റിയ ദുബായ്ക്ക് ആദരം

രാജകീയമായി വാഹനം അലങ്കരിച്ച് പോറ്റമ്മനാടിന് ആദരവുമായി വീണ്ടും ത്രിമൂർത്തികൾ. യുഎഇ 48–ാമത് ദേശീയ ദിനം ആഘോഷിക്കുമ്പോൾ, ഷാർജയിൽ ബിസിനസുകാരനായ കോഴിക്കോട് സ്വദേശി ഷഫീഖ് അബ്‌ദുറഹ്‌മാൻ, കാസർകോട് സ്വദേശി മജീദ് അബ്ദുൽ റഹ്മാൻ, ഹൈദരാബാദ് സ്വദേശി അൻസാർ എന്നിവരാണ് തങ്ങളുടെ വാഹനങ്ങൾ അലങ്കരിച്ച് ശ്രദ്ധേയരാകുന്നത്.

ഇതിൽ ഷഫീഖിന്റെ റോൾസ് റോയിസ് കാറിൽ സ്വർണം പൂശി ഒരുപടി കൂടി മുന്നോട്ടുപോയി. ഭരണാധികാരികളുടെ ചിത്രങ്ങൾ, ഖുർആൻ സൂക്തങ്ങൾ എന്നിവയും കാറിന് അലങ്കാരമാകുന്നു. യുഎഇയോട് കാണിച്ച ഈ സ്നേഹാദരത്തിനു ഷാർജയിൽ അധികാരികളുടെ പ്രശംസാ പത്രം ലഭിക്കുകയും ചെയ്തു. കാറിന്റെ മുകൾ ഭാഗത്താണ് സ്വർണംപൂശിയ സ്റ്റിക്കർ പതിച്ചത്. അരികുകളിൽ യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടങ്ങിയവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തു. അതിനു ശേഷം 30% ഭാഗവും 22 കാരറ്റ് സ്വർണം പൂശുകയായിരുന്നു. 

ഖുർആൻ സൂക്തങ്ങൾ കാലിഗ്രാഫി മനോഹരമായി കാലിഗ്രഫി ചെയ്തത് യുഎഇയിലെ കലാകാരൻ അഷർ ഗന്ധിയാണ്. ‘യാ അയ്യുവന്നാസ്’ അഥവാ, ‘ഹേ ജനങ്ങളെ’ എന്നാണ് ഖുർ ആൻ ലോകത്തെ അഭിസംബോധന ചെയ്തതെന്നും എല്ലാ മതസ്ഥരെയും ദേശക്കാരെയും ഒരേ പോലെ കാണുന്ന യുഎഇ സംസ്കാരത്തോടുള്ള ആദരവ് കൂടിയാണ് ഇത്തവണത്തെ കാർ അലങ്കാരങ്ങളെന്നും ഷഫീഖ് പറഞ്ഞു.

രണ്ടു മാസത്തിലേറെ ചെലവഴിച്ചാണ് വാഹനങ്ങൾ അലങ്കരിച്ചത്. കോഴിക്കോട് കക്കോടി സ്വദേശിയായ ഷഫീഖ് ഷാർജയിൽ അൽ മാനിയ റിയൽ എസ്റ്റേറ്റ് എംഡിയാണ്. എല്ലാ വർഷവും യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു വാഹനം അലങ്കരിക്കാറുണ്ട്. കഴിഞ്ഞ വർഷവും മത്സരങ്ങളിൽ സമ്മാനം നേടി. ഷാർജ താമസ കുടിയേറ്റ വകുപ്പ്, പൊലീസ് എന്നിവടങ്ങളിൽ നിന്ന് നിറഞ്ഞ പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും ഷഫീഖ് വ്യക്തമാക്കി. മജീദും അൻസാറും തങ്ങളുടെ ബെൻസ് വാഹനങ്ങളാണ് അലങ്കരിച്ചത്. വാഹനങ്ങൾ ഖിസൈസിൽ പ്രദർശിപ്പിച്ചപ്പോൾ കുടുംബങ്ങളടക്കം ഒട്ടേറെ പേർ കാണാനെത്തുകയും അരികിൽ നിന്ന് ഫൊട്ടോയെടുക്കുകയും ചെയ്തു.